മോഡ്രിച്ച്-ക്രൂസ്-കാസെമിറോ കൂട്ടുകെട്ടിന് പകരക്കാരായി, ഭാവി സുരക്ഷിതമാക്കി റയൽ മാഡ്രിഡ്!
ഈ കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ് വലിയ രൂപത്തിലുള്ള ആധിപത്യമാണ് പുലർത്തിയത് എന്നുള്ള കാര്യത്തിൽ ആർക്കും തർക്കമുണ്ടാവില്ല. ഹാട്രിക് ചാമ്പ്യൻസ് ലീഗ് കിരീടത്തിന് പിന്നാലെ ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് കിരീടവും റയൽ മാഡ്രിഡ് സ്വന്തമാക്കിയിരുന്നു.ഇതിനൊക്കെ പിന്നിൽ വലിയ പങ്കുവഹിക്കുന്നത് റയലിന്റെ മധ്യനിരയാണ് എന്നുള്ള കാര്യത്തിൽ സംശയമില്ല.
ലുക്ക മോഡ്രിച്ച്,ടോണി ക്രൂസ്,കാസമിറോ എന്നീ മൂന്ന് താരങ്ങൾ അടങ്ങുന്ന റയലിന്റെ മധ്യനിര അതിശക്തമാണ്.2015/16 സീസൺ മുതലാണ് ഈ കൂട്ടുകെട്ട് റയലിനെ മുന്നോട്ട് നയിക്കാൻ ആരംഭിച്ചത്.എന്നാൽ ഈ മൂന്ന് താരങ്ങൾക്കും പ്രായം ഏറിവരികയാണ്.മോഡ്രിച്ചിന് 36,കാസമിറോ 30,ക്രൂസ് 32 എന്നിങ്ങനെയാണ് ഇവരുടെ പ്രായം.അത്കൊണ്ട് തന്നെ ഇവരുടെ പകരക്കാർക്ക് വേണ്ടിയുള്ള അന്വേഷണങ്ങൾ നേരത്തെതന്നെ റയൽ ആരംഭിച്ചിരുന്നു.
— Murshid Ramankulam (@Mohamme71783726) June 13, 2022
അതിന്റെ ഫലമായാണ് ഫെഡ വാൽവർദെയും കാമവിങ്കയും റയലിൽ എത്തിയത്.വാൽവെർദെക്ക് 23 വയസ്സും കാമവിങ്കക്ക് 19 വയസ്സുമാണ്. മോഡ്രിച്ച്,ക്രൂസ് എന്നീ താരങ്ങളുടെ വിടവ് നികത്താൻ തങ്ങൾക്ക് പ്രാപ്തിയുണ്ട് എന്നുള്ളത് ഈ രണ്ടു താരങ്ങളും ഇതിനോടകം തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്. ഈ കഴിഞ്ഞ സീസണിൽ മിന്നുന്ന പ്രകടനം കാഴ്ച്ച വെക്കാൻ വാൽവെർദെക്കും കാമവിങ്കക്കും സാധിച്ചിട്ടുണ്ട്.
ഇപ്പോഴിതാ ഡിഫൻസീവ് മിഡ്ഫീൽഡറായ കാസമിറോക്കും ഒത്ത ഒരു പകരക്കാരനെ റയൽ ടീമിലേക്ക് എത്തിച്ചു കഴിഞ്ഞിട്ടുണ്ട്.മൊണാക്കോയുടെ ഫ്രഞ്ച് സൂപ്പർ താരമായ ഷുവാമെനിയെയാണ് റയൽ മാഡ്രിഡ് സ്വന്തമാക്കിയിട്ടുള്ളത്. ഈ കഴിഞ്ഞ സീസണിൽ യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽ ഏറ്റവും കൂടുതൽ ഇന്റർസെപ്ഷൻസ് നടത്തിയ താരം ഷുവാമെനിയാണ്. അതുകൊണ്ടുതന്നെ താരത്തിന്റെ പ്രതിഭയിലും സംശയങ്ങൾക്ക് വകയില്ല. ഏതായാലും കഴിഞ്ഞ രണ്ട് മൂന്ന് വർഷം കൊണ്ട് മധ്യനിരയിലെ തങ്ങളുടെ ഭാവി സുരക്ഷിതമാക്കാൻ റയലിന് കഴിഞ്ഞു എന്നുള്ളതാണ് യാഥാർത്ഥ്യം.