മെസ്സി മൈക്കൽ ജോർദാനെ പോലെ, 10 പേരെ മറികടന്ന് നേടിയ ഗോൾ വെളിപ്പെടുത്തി കബല്ലേറോ!
ലയണൽ മെസ്സിയെ സംബന്ധിച്ചിടത്തോളം 2021 എന്നുള്ളത് മാറ്റങ്ങളുടെ വർഷമാണ്. കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് കോപ്പ അമേരിക്ക നേടിയതിന് പിന്നാലെ മെസ്സി തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്ന എഫ്സി ബാഴ്സലോണ വിടുകയും ചെയ്തിരുന്നു. പിഎസ്ജിയിൽ ഒരു പുതിയ അധ്വായത്തിന് തുടക്കം കുറിക്കാനുള്ള ഒരുക്കത്തിലാണ് നിലവിൽ മെസ്സി. ഏതായാലും മെസ്സിയെ എൻബിഎ ഇതിഹാസമായ മൈക്കൽ ജോർദാനുമായി ഉപമിച്ചിരിക്കുകയാണ് മുൻ അർജന്റൈൻ ഗോൾകീപ്പറായ വില്ലി കബല്ലേറോ. മെസ്സി ഒരിക്കലും തോൽക്കാൻ ഇഷ്ടപ്പെടാത്ത ആളാണ് എന്നാണ് ഇതിന് അദ്ദേഹം വിശദീകരണം നൽകിയത്.2018 വേൾഡ് കപ്പിലെ അർജന്റൈൻ ടീമിൽ മെസ്സിക്കൊപ്പം ഇടം നേടാൻ കബല്ലേറോക്ക് സാധിച്ചിരുന്നു.അന്നത്തെ സൗഹൃദമത്സരത്തിൽ മെസ്സി 10 പേരെ മറികടന്ന് ഗോൾ നേടിയ കാര്യവും ഇദ്ദേഹം ഓർമ്മിച്ചെടുത്തു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Lionel Messi is compared to Michael Jordan by Argentina team-mate Willy Caballero https://t.co/4V28IWESUN
— MailOnline Sport (@MailSport) August 20, 2021
” മെസ്സിക്കെതിരെ കളിക്കുക എന്നുള്ളത് പലപ്പോഴും ഒരു ദുസ്വപ്നമാണ്.നിങ്ങളുടെ ടീം മെസ്സിയെ പിടിച്ചു കെട്ടുന്നതിൽ ശ്രദ്ധ പതിപ്പിച്ചാലും മെസ്സി മറ്റുള്ള താരങ്ങൾക്ക് അവിടെ സ്പേസ് ഒരുക്കി നൽകുന്നതാണ് നിങ്ങൾക്ക് കാണാൻ സാധിക്കുക.ദേശീയ ടീമിൽ അദ്ദേഹത്തോടൊപ്പം പരിശീലനം നടത്താൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്.അദ്ദേഹം ഒരു മെഷീനാണ്. പരിശീലനത്തിൽ പോലും വിജയം മാത്രം ലക്ഷ്യം വെച്ചാണ് അദ്ദേഹം കളിക്കുക.ദി ലാസ്റ്റ് ഡൻസിലെ മൈക്കൽ ജോർദാനെ പോലെയാണ് മെസ്സി.ഒരിക്കൽ പോലും തോൽക്കാൻ ഇഷ്ടപ്പെടാത്ത വ്യക്തിയാണ് അദ്ദേഹം.ഒരു ചെറിയ മത്സരം പോലും വിജയിക്കാൻ അദ്ദേഹം ടീമിനെ പുഷ് ചെയ്തു കൊണ്ടിരിക്കും.സ്പെയിൻ അണ്ടർ 23 ടീമിനെതിരെ നടന്ന സൗഹൃദമത്സരം എനിക്കിപ്പോഴും ഓർമ്മയുണ്ട്. ഞാൻ നൽകിയ ബോൾ സ്വീകരിച്ച മെസ്സി എതിർടീമിലെ 10 പേരെ കബളിപ്പിച്ചു കൊണ്ടായിരുന്നു അന്ന് ഗോൾ നേടിയത്. എല്ലാവരും അത് കണ്ട് ഞെട്ടിയിരുന്നു.പലപ്പോഴും ടീമുകൾ നാലോ അഞ്ചോ താരങ്ങളെ അദ്ദേഹത്തെ മാത്രം ശ്രദ്ദിക്കാൻ ഏൽപ്പിക്കുന്നത് ഇക്കാരണം കൊണ്ടാണ്. ലോകത്തിലെ ഏറ്റവും മികച്ച താരമാണ് മെസ്സി എന്ന കാര്യത്തിൽ സംശയങ്ങളൊന്നുമില്ല ” ഇതാണ് കബെല്ലേറോ മെസ്സിയെ കുറിച്ച് പറഞ്ഞത്.അതേസമയം ബാഴ്സയിൽ മെസ്സിക്ക് സംഭവിച്ചതിൽ ദുഃഖം പ്രകടിപ്പിച്ച കബല്ലേറോ മെസ്സിക്ക് ബാഴ്സയിലെത് പോലെ തന്നെ പിഎസ്ജിയിലും തിളങ്ങാനാവുമെന്ന് കൂട്ടിച്ചേർത്തു.