മെസ്സി ബാഴ്‌സയിൽ തുടരുമോ? പിക്വേക്ക്‌ പറയാനുള്ളത് ഇങ്ങനെ !

എഫ്സി ബാഴ്സലോണയുടെ നിർണായക താരങ്ങളാണ് ലയണൽ മെസ്സിയും ജെറാർഡ് പിക്വയും. എന്നാൽ മെസ്സി ബാഴ്സ വിടാനുള്ള ഒരുക്കത്തിലാണ് എന്നാണ് പരക്കെ പ്രചരിക്കുന്ന വാർത്തകൾ. ഇതിനോട് തന്റെ പ്രതികരണമറിയിച്ചിരിക്കുകയാണ് ജെറാർഡ് പിക്വേ. മെസ്സി തന്നെ തുടരുമെന്നാണ് തന്റെ പ്രതീക്ഷ എന്നാണ് പിക്വേ പറഞ്ഞത്. പക്ഷെ എന്ത് തീരുമാനമെടുക്കണം എന്നുള്ളത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണെന്നും പിക്വേ കൂട്ടിച്ചേർത്തു. കൂടാതെ ലൂയിസ് സുവാരസിനെ കുറിച്ചും മനസ്സ് തുറക്കാൻ പിക്വ സമയം കണ്ടെത്തി. സുവാരസിന്റെ കാര്യത്തിൽ ദുഃഖമുണ്ടെന്നും ഒരുപാട് നല്ല നിമിഷങ്ങൾ തങ്ങൾക്ക്‌ സമ്മാനിച്ച വ്യക്തിയാണ് ക്ലബ് വിട്ടതെന്നുമാണ് പിക്വ പറഞ്ഞത്. കഴിഞ്ഞ ദിവസം റേഡിയോ മാർക്കക്ക്‌ നൽകിയ അഭിമുഖത്തിലാണ് പിക്വേ ഇക്കാര്യങ്ങളെ കുറിച്ച് സംസാരിച്ചത്.

” മെസ്സി ഇവിടെ തുടരുമോ എന്നുള്ള കാര്യം അദ്ദേഹത്തോട് സംസാരിക്കേണ്ട ഒന്നാണ്. അദ്ദേഹം ഇവിടെ ഉണ്ടാവുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. പക്ഷെ എല്ലാം അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനങ്ങൾ ആണ്. ബാഴ്സയുടെ ജേഴ്സി അണിയുന്നിടത്തോളം കാലം പ്രതീക്ഷക്ക്‌ വകുപ്പുണ്ട്. അദ്ദേഹം തുടരും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത് ” പിക്വേ തുടർന്നു. ” സുവാരസിന്റെ കാര്യത്തിൽ എനിക്ക് ദുഃഖമുണ്ട്. ഒരുപാട് കാലം ഒപ്പം കളിച്ച താരമായിരുന്നു. ഒരുപാട് നേരം ഡ്രസിങ് റൂമിൽ ചിലവിടുന്ന താരമായിരുന്നു. എല്ലാ കാര്യത്തിലും ഒപ്പമുണ്ടായിരുന്ന ആളായിരുന്നു. ഒരുപാട് നല്ല നിമിഷങ്ങൾ സമ്മാനിച്ച വ്യക്തിയായിരുന്നു അദ്ദേഹം ” പിക്വ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *