മെസ്സി ബാഴ്സയിൽ തന്നെ സഹായിച്ചതെങ്ങനെ? തുറന്നു പറഞ്ഞ് നെയ്മർ!
സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും നെയ്മർ ജൂനിയറും ആദ്യമായി ഒന്നിക്കുന്നത് 2013-ലാണ്. സാന്റോസിൽ നിന്നായിരുന്നു നെയ്മർ ബാഴ്സയിലേക്ക് എത്തിയത്.പിന്നീട് ബാഴ്സയിൽ മികച്ചൊരു കൂട്ടുകെട്ട് പടുത്തുയർത്താൻ ഇരുവർക്കും സാധിച്ചിരുന്നു.മെസ്സിയും നെയ്മറും സുവാരസും ചേർന്നുകൊണ്ട് ബാഴ്സക്ക് ഒരു സുവർണ്ണ കാലഘട്ടം സമ്മാനിക്കുകയായിരുന്നു.
എന്നാൽ ബാഴ്സയിൽ എത്തിയ ഉടനെ താൻ ഒരുപാട് സമ്മർദ്ദം അനുഭവിച്ചിരുന്നു എന്നുള്ള കാര്യം നെയ്മർ ജൂനിയർ ഇപ്പോൾ തുറന്നുപറഞ്ഞിട്ടുണ്ട്.പക്ഷെ അന്ന് തന്നെ സഹായിച്ചത് ലയണൽ മെസ്സിയാണെന്നും നെയ്മർ കൂട്ടിച്ചേർത്തു.നെറ്റ്ഫ്ലിക്സിന്റെ പുതിയ ഡോക്യൂമെന്ററിയായ നെയ്മർ,ദി പെർഫെക്റ്റ് കേയോസ് എന്നതിലാണ് നെയ്മർ ഇക്കാര്യം പങ്കു വെച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) January 26, 2022
” ബാഴ്സയിലെ എന്റെ ആദ്യ സീസണിൽ എനിക്കൊരുപാട് സമ്മർദങ്ങൾ അനുഭവിക്കേണ്ടി വന്നിരുന്നു.എനിക്ക് സ്വയം തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.ഞാൻ ലോക്കർ റൂമിൽ വെച്ച് കരയുമായിരുന്നു.അപ്പോൾ മെസ്സി എന്റെ അടുത്തേക്ക് വന്നു ഒരുപാട് കാര്യങ്ങൾ സംസാരിച്ചു.അത് എന്നെ തന്നെ മാറ്റിമറിക്കുകയായിരുന്നു ” നെയ്മർ പറഞ്ഞു.
ബാഴ്സക്ക് വേണ്ടി ആകെ 161 മത്സരങ്ങളാണ് മെസ്സിയും നെയ്മറും ഒരുമിച്ച് കളിച്ചിട്ടുള്ളത്. അതിൽ 120 മത്സരങ്ങളിലും ബാഴ്സ വിജയം സ്വന്തമാക്കിയിരുന്നു.19 മത്സരങ്ങൾ സമനിലയിൽ കലാശിച്ചു.രണ്ട് പേരും പങ്കാളികളായി കൊണ്ട് 56 ഗോളുകളാണ് ആകെ നേടിയത്. പിന്നീട് 2017-ൽ നെയ്മർ ബാഴ്സ വിടുകയായിരുന്നു.
നിലവിൽ മെസ്സിയും നെയ്മറും ഒരുമിച്ചാണ് കളിക്കുന്നത്.പക്ഷെ പിഎസ്ജിയിലാണ് എന്ന് മാത്രം. പക്ഷേ ഇതുവരെ വളരെ കുറഞ്ഞ മത്സരങ്ങൾ മാത്രമേ ഇരുവർക്കും ഒരുമിച്ച് ഇറങ്ങാൻ കഴിഞ്ഞിട്ടുള്ളൂ.