മെസ്സി ബാഴ്സയിലേക്ക് തിരിച്ചെത്തുമെന്നുള്ളത് വെറും പ്രഹസനം മാത്രമായിരുന്നു : വിമർശനവുമായി മുൻ താരം!
സൂപ്പർ താരം ലയണൽ മെസ്സി എഫ്സി ബാഴ്സലോണയിലേക്ക് തന്നെ തിരിച്ചെത്തും എന്നായിരുന്നു ഏവരും പ്രതീക്ഷിച്ചിരുന്നത്.എന്നാൽ മെസ്സിയെ തിരികെ എത്തിക്കാൻ ബാഴ്സക്ക് കഴിഞ്ഞില്ല. ലയണൽ മെസ്സി അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിയിലേക്ക് പോവുകയായിരുന്നു. അദ്ദേഹത്തിന്റെ പുതിയ അഭിമുഖത്തിൽ ബാഴ്സയെ അദ്ദേഹം വിമർശിക്കുകയും ചെയ്തു. താൻ തിരിച്ചു വരാൻ ആഗ്രഹിക്കാത്ത ആളുകൾ ബാഴ്സയുടെ അകത്ത് തന്നെ ഉണ്ട് എന്നായിരുന്നു മെസ്സി വിമർശിച്ചിരുന്നത്.
ഏതായാലും ഈ വിഷയത്തിൽ മുൻ സ്പാനിഷ് ഗോൾകീപ്പറായ സാന്റിയാഗോ കനിസാറസ് ബാഴ്സക്കെതിരെ വിമർശനങ്ങൾ ഉയർത്തിയിട്ടുണ്ട്. അതായത് മെസ്സി ബാഴ്സയിലേക്ക് തിരിച്ചെത്തുമെന്നുള്ളത് വെറും പ്രഹസനം മാത്രമായിരുന്നു എന്നാണ് ഇദ്ദേഹം ആരോപിച്ചിട്ടുള്ളത്. മെസ്സിയും ലാപോർട്ടയും തമ്മിൽ അത്ര നല്ല ബന്ധത്തിലായിരുന്നില്ലെന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്.മുൻ വലൻസിയ ഗോൾ കീപ്പറുടെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
” മെസ്സി ബാഴ്സയിലേക്ക് തിരിച്ചെത്തും എന്നുള്ളത് കേവലം ഒരു പ്രഹസനം മാത്രമായിരുന്നു. മെസ്സി ബാഴ്സയിലേക്ക് തിരിച്ചെത്താൻ ആഗ്രഹിച്ചിരുന്നെങ്കിൽ പോലും അത് സാധ്യമാകുമായിരുന്നില്ല. കാരണം ബാഴ്സക്ക് ഇപ്പോഴും ആവശ്യമുള്ളത് 10 വർഷം മുമ്പുള്ള മെസ്സിയെയാണ്.ലാപോർട്ടയും മെസ്സിയും തമ്മിലുള്ള ബന്ധം അത്ര നല്ല നിലയിൽ അല്ല ഇപ്പോൾ ഉള്ളത്.മെസ്സിയെ പോലെയുള്ള ഒരു താരം ഇപ്പോൾ ബാഴ്സയിലേക്ക് എത്തിക്കഴിഞ്ഞാൽ അത് അവർക്ക് തന്നെയാണ് അപകടം ഉണ്ടാക്കുക. അത് ക്ലബ്ബിനകത്തെ ചിലർക്ക് അറിയാം.മെസ്സിക്കെതിരെ ബാഴ്സയിലുള്ള ആരും സംസാരിക്കാൻ ധൈര്യപ്പെടില്ല. ബാഴ്സ ചെറിയ രൂപത്തിലൊക്കെ ശ്രമങ്ങൾ നടത്തിയിട്ടുണ്ട്.പക്ഷേ അവസാനത്തിൽ ഇതെല്ലാം ഒരു പ്രഹസനം മാത്രമായിരുന്നു ” ഇതാണ് മുൻ താരം ഇപ്പോൾ പറഞ്ഞിട്ടുള്ളത്.
ലയണൽ മെസ്സിയെ രജിസ്റ്റർ ചെയ്യാൻ സാധിക്കുമോ എന്നുള്ള കാര്യത്തിൽ യാതൊരുവിധ ഉറപ്പുകളും താരത്തിന് നൽകാൻ ബാഴ്സക്ക് കഴിഞ്ഞിരുന്നില്ല. ഇതോടുകൂടിയാണ് ലയണൽ മെസ്സി അമേരിക്കയിലേക്ക് പോകാൻ തീരുമാനിച്ചത്.മെസ്സി ബാഴ്സയിലേക്ക് തിരിച്ചെത്താൻ ആഗ്രഹിക്കുന്നുണ്ട് എന്നുള്ള കാര്യം മെസ്സിയുടെ പിതാവ് തന്നെ തുറന്നു പറഞ്ഞിരുന്നു.പക്ഷേ കാര്യങ്ങൾ പരിഹരിക്കാൻ ബാഴ്സക്ക് സാധിക്കാതെ പോവുകയായിരുന്നു.