മെസ്സി ബാഴ്സയിലേക്ക് തിരികെയെത്തുമോ എന്ന ചോദ്യത്തിന് ഒരിക്കൽ കൂടി മറുപടി പറഞ്ഞ് സാവി!

ഇന്ന് ലാലിഗയിൽ നടക്കുന്ന മത്സരത്തിൽ ഒന്നാം സ്ഥാനക്കാരായ എഫ്സി ബാഴ്സലോണയുടെ എതിരാളികൾ കരുത്തരായ അത്ലറ്റിക്കോ മാഡ്രിഡാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 7:45ന് ക്യാമ്പ് നൗവിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക.അവസാനമായി കളിച്ച മൂന്നു മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കാൻ ബാഴ്സക്ക് കഴിഞ്ഞിട്ടില്ല.അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരത്തിൽ അവർക്ക് വിജയവഴിയിലേക്ക് തിരിച്ചെത്തേണ്ടതുണ്ട്.

ഈ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ ലയണൽ മെസ്സിയെക്കുറിച്ച് ബാഴ്സയുടെ പരിശീലകനായ സാവിയോട് ചോദിക്കപ്പെട്ടു. എന്നാൽ നിരന്തരം മെസ്സിയെക്കുറിച്ച് ചോദിക്കുന്നതിൽ സാവി അസ്വസ്ഥനാണ്. മെസ്സിയെക്കുറിച്ച് ചിന്തിക്കേണ്ട സമയമല്ല ഇതെന്നാണ് സാവി പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ലയണൽ മെസ്സിയെക്കുറിച്ച് നടക്കുന്ന സംസാരങ്ങളിൽ ഒന്നും തന്നെ ഞാൻ ശ്രദ്ധ പതിപ്പിക്കുന്നില്ല.എനിക്കിവിടെ വർക്ക് ചെയ്യാനുണ്ട്. അടുത്ത മത്സരത്തെ കുറിച്ച് ചിന്തിക്കുകയാണ് വേണ്ടത്.അല്ലാതെ അടുത്ത വർഷത്തെ കുറിച്ചോ ട്രാൻസ്ഫറുകളെ കുറിച്ചോ അല്ല ചിന്തിക്കേണ്ടത്. എന്നെ സംബന്ധിച്ചിടത്തോളം മെസ്സിയെ കുറിച്ച് സംസാരിക്കേണ്ട യഥാർത്ഥ സമയം ഇതല്ല ” സാവി പറഞ്ഞു.

അതേസമയം ലയണൽ മെസ്സി ബാഴ്സലോണ നഗരത്തിൽ എത്തിയതായി റിപ്പോർട്ടുകൾ പുറത്തേക്ക് വന്നിട്ടുണ്ട്. മെസ്സിക്കൊപ്പം അദ്ദേഹത്തിന്റെ അസിസ്റ്റന്റും കുടുംബവും ഉണ്ട് എന്നാണ് പ്രമുഖ പത്രപ്രവർത്തകനായ ജെറാർഡ് റൊമേറോ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏതായാലും മെസ്സി ബാഴ്സയിലേക്ക് തിരിച്ചെത്തും എന്ന അഭ്യൂഹങ്ങൾ അതിന്റെ ഏറ്റവും ഉന്നതിയിലാണ് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *