മെസ്സി-നെയ്മർ-എംബാപ്പെ ത്രയം? സഹതാരങ്ങളോട് വിയോജിച്ച് പിഎസ്ജി താരം!

പിഎസ്ജിയുടെ സൂപ്പർ താരങ്ങളായ നെയ്മർ ജൂനിയർ, എയ്ഞ്ചൽ ഡിമരിയ, ലിയാൻഡ്രോ പരേഡസ്, മാർക്കോ വെറാറ്റി എന്നിവരെല്ലാം തന്നെ മെസ്സി പിഎസ്ജിയിലേക്കെത്തുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ചവരാണ്. ഈ നാലു പേരും മെസ്സി പിഎസ്ജിയിലേക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹത്തോടൊപ്പം കളിക്കാൻ ആഗ്രഹമുണ്ടെന്നും വെളിപ്പെടുത്തിയ താരങ്ങളാണ്. ഇതോടെ ഫുട്ബോൾ ലോകം മെസ്സി-നെയ്മർ-എംബാപ്പെ ത്രയത്തെ കുറിച്ച് ചർച്ച ചെയ്ത് തുടങ്ങിയിരുന്നു. എന്നാൽ തന്റെ സഹതാരങ്ങളുടെ അഭിപ്രായങ്ങളോട് വിയോജിച്ചിരിക്കുകയാണ് പിഎസ്ജി താരം ആൻഡർ ഹെരേര.മെസ്സിയും നെയ്മറും എംബാപ്പെയും ഒരുമിച്ച് കളിക്കുന്നത് താൻ കാണുന്നില്ലെന്നും കൂടുതൽ ഒന്നും തന്നെ മെസ്സിയെ കുറിച്ച് സംസാരിക്കാൻ താനില്ലെന്നുമാണ് ഇദ്ദേഹം അറിയിച്ചത്.കഴിഞ്ഞ ദിവസം കഡേന സെറിനോട്‌ സംസാരിക്കുകയായിരുന്നു താരം.

” മെസ്സിയും നെയ്മറും എംബാപ്പെയും ഒരുമിച്ച് കളിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. കാരണം ഫിനാൻഷ്യൽ ഫയർ പ്ലേയുമായി അത് ഒത്തുപോകുമെന്ന് ഞാൻ കരുതുന്നില്ല.ഏതായാലും മെസ്സിയെ കുറിച്ച് കൂടുതൽ സംസാരിക്കാൻ ഞാനില്ല. എല്ലാവരുടെയും അഭിപ്രായങ്ങളെ ഞാൻ ബഹുമാനിക്കുന്നു. അതോടൊപ്പം തന്നെ ഞാൻ ബാഴ്സയുടെ ഭാഗത്തുനിന്നും ചിന്തിക്കുകയാണ്, ഞാൻ ബാഴ്‌സ താരമായിരുന്നുവെങ്കിൽ മറ്റുള്ള ക്ലബ്ബുകൾ മെസ്സിയെ കുറിച്ച് സംസാരിക്കുന്നത് എനിക്ക് ഇഷ്ടപ്പെടുമായിരുന്നില്ല. അദ്ദേഹത്തെ കുറിച്ച് സംസാരിക്കുന്നത് ബഹുമാനക്കുറവാണോ എന്നൊന്നും എനിക്കറിയില്ല. പക്ഷെ ഞാൻ അത് ചെയ്യാൻ പോകുന്നില്ല.ലോകഫുട്ബോളിൽ താരങ്ങൾ മറ്റുള്ള താരങ്ങളെ കുറിച്ച് സംസാരിക്കുന്നത് സ്വാഭാവികമാണ് ” ഹെരേര പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *