മെസ്സി ദൈവത്തിന്റെ സ്പർശനമേറ്റവൻ, അത് അന്ന് തന്നെ എനിക്കും ഡീഞ്ഞോക്കും മനസ്സിലായി: ഡെക്കോ
സൂപ്പർ താരം ലയണൽ മെസ്സി ഇന്ന് കരിയറിന്റെ പൂർണ്ണതയിൽ എത്തിനിൽക്കുകയാണ്. താൻ സ്വപ്നം കണ്ടതെല്ലാം തനിക്ക് നേടാൻ കഴിഞ്ഞു എന്ന് ലയണൽ മെസ്സി തന്നെ വ്യക്തമാക്കിയിരുന്നു.ഏറ്റവും ഒടുവിൽ ചരിത്രത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം മെസ്സിക്ക് ലഭിച്ചിരുന്നു. സ്പാനിഷ് മാധ്യമമായ മാർക്കയായിരുന്നു ഈ പുരസ്കാരം മെസ്സിക്ക് നൽകിയിരുന്നത്.ഇങ്ങനെ നിരവധി കിരീടങ്ങളും പുരസ്കാരങ്ങളും കരിയറിൽ സ്വന്തമാക്കാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്.
കരിയറിന്റെ തുടക്കകാലത്ത് ബാഴ്സലോണയിൽ വെച്ച് മെസ്സിയെ സഹായിച്ച ഒരുപാട് താരങ്ങളുണ്ട്. അതിൽ പെട്ടവരാണ് റൊണാൾഡീഞ്ഞോയും ഡെക്കോയും. ഇപ്പോൾ മെസ്സിയെ കുറിച്ച് ചില കാര്യങ്ങൾ ഡെക്കോ പറഞ്ഞിട്ടുണ്ട്.മെസ്സി ദൈവത്തിന്റെ സ്പർശനം ഏറ്റവനാണ് എന്നുള്ളത് തുടക്കകാലത്ത് തന്നെ ഞങ്ങൾക്ക് മനസ്സിലായി എന്നാണ് ഡെക്കോ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ സ്പോർട് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
” ചില താരങ്ങൾ ഉണ്ട്, അവർ ദൈവത്തിന്റെ സ്പർശനം ഏറ്റവരായിരിക്കും.അത് നമുക്ക് തുടക്കത്തിൽ തന്നെ കാണാനാകും. മെസ്സിയുടെ കാര്യത്തിൽ എനിക്കും റൊണാൾഡീഞ്ഞോക്കുമൊക്കെ അത് അന്ന് തന്നെ മനസ്സിലായിരുന്നു.കാരണം അദ്ദേഹം ഡിഫറെന്റ് ആയിരുന്നു. ഞങ്ങൾ ഡീഞ്ഞോയോട് തമാശയായി കൊണ്ട് പറയും, നിങ്ങളുടെ പത്താം നമ്പർ ജേഴ്സി മെസ്സി തട്ടിയെടുക്കും എന്ന്, എന്നിട്ട് നമ്മൾ പുറത്തിരുന്ന് കളി കാണേണ്ടി വരുമെന്നും പറഞ്ഞു. മെസ്സിക്ക് ഒരു വലിയ താരം ആവാനുള്ള കപ്പാസിറ്റി ഉണ്ട് എന്നത് ഞങ്ങൾക്ക് മനസ്സിലായിരുന്നു. പക്ഷേ മെസ്സി ചെയ്തതെല്ലാം തികച്ചും അസാധ്യമായ കാര്യങ്ങളാണ് ” ഇതാണ് ഡെക്കോ പറഞ്ഞിട്ടുള്ളത്.
കരിയറിന്റെ സിംഹഭാഗവും ലയണൽ മെസ്സി ബാഴ്സലോണയിൽ തന്നെയാണ് ചിലവഴിച്ചിട്ടുള്ളത്. 778 മത്സരങ്ങൾ ബാഴ്സക്ക് വേണ്ടി കളിച്ച മെസ്സി 672 ഗോളുകൾ നേടിയിട്ടുണ്ട്.10 ലാലിഗ കിരീടങ്ങളും നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും സ്വന്തമാക്കാൻ മെസ്സിക്ക് സാധിച്ചിട്ടുണ്ട്. നിലവിൽ ഇന്റർമയാമിയിലും തകർപ്പൻ പ്രകടനമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്.