മെസ്സി തന്നെ നിരാശപ്പെടുത്തിയോ ? സെറ്റിയന്റെ പ്രതികരണം!

എഫ്സി ബാഴ്സലോണയെ വളരെ കുറഞ്ഞ കാലമാണ് പരിശീലകനായ കീക്കെ സെറ്റിയന് പരിശീലിപ്പിക്കാൻ സാധിച്ചിട്ടുള്ളത്. ചാമ്പ്യൻസ് ലീഗിൽ ബയേണിനോട് 8-2 ന്റെ വലിയ തോൽവി ഏറ്റുവാങ്ങിയതോടുകൂടി അദ്ദേഹത്തിന്റെ സ്ഥാനം നഷ്ടമാവുകയും ചെയ്തു. മാത്രമല്ല ഈയിടെ ചില വെളിപ്പെടുത്തലുകൾ ഒരു സ്പാനിഷ് ജേണലിസ്റ്റ് നടത്തുകയും ചെയ്തിരുന്നു. അതായത് സൂപ്പർതാരം ലയണൽ മെസ്സി സെറ്റിയനെ ബഹുമാനിച്ചിരുന്നില്ലെന്നും മെസ്സിയായിരുന്നു കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത് എന്നുമായിരുന്നു അവർ പറഞ്ഞിരുന്നത്.

ഇതേപ്പറ്റി സെറ്റിയനോട് ഒരു അഭിമുഖത്തിൽ ചോദിക്കപ്പെട്ടിരുന്നു.മെസ്സി നിങ്ങളെ നിരാശപ്പെടുത്തിയോ എന്നായിരുന്നു സെറ്റിയനോട് ചോദിച്ചിരുന്നത്. മെസ്സി തന്നെ നിരാശപ്പെടുത്തി എന്ന് പറയാനാകില്ലെന്നും മെസ്സിയെ തനിക്ക് അംഗീകരിക്കേണ്ടിവന്നു എന്നുമാണ് സെറ്റിയൻ ഇതേക്കുറിച്ച് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഇപ്പോൾ മെസ്സിയെ കുറിച്ച് സംസാരിക്കുക എന്നുള്ളത് ഒരു ആവശ്യമില്ലാത്ത കാര്യമാണ്. എല്ലാവരും ലയണൽ മെസ്സിക്കൊപ്പമാണ് നിൽക്കുക. കഴിഞ്ഞ 14 വർഷമായി അദ്ദേഹം ഒരു ആകർഷണമാണ്.മെസ്സി എന്നെ നിരാശപ്പെടുത്തി എന്നെനിക്ക് പറയാൻ സാധിക്കില്ല.പക്ഷേ നിങ്ങൾക്ക് ഇഷ്ടപ്പെടുകയും മറ്റുള്ളവർക്ക് ഇഷ്ടപ്പെടാത്തതുമായ കാര്യങ്ങൾ ഉണ്ടാവും. നിങ്ങൾ അവരുമായി ഫൈറ്റ് ചെയ്യേണ്ടിവരും. അതിനെക്കാളുമൊക്കെ മുകളിൽ അദ്ദേഹം ഓരോ മത്സരങ്ങളിലും രണ്ടോ മൂന്നോ ഗോളുകൾ നേടുമായിരുന്നു. അതുകൊണ്ടുതന്നെ നമുക്ക് ഒന്നും പറയാൻ സാധിക്കില്ല. നമുക്ക് അദ്ദേഹത്തെ അംഗീകരിക്കേണ്ടിവരും ” ഇതാണ് സെറ്റിയൻ പറഞ്ഞിട്ടുള്ളത്.

നിലവിൽ സ്പാനിഷ് ക്ലബ്ബായ വിയ്യറയലിന്റെ പരിശീലകനായി കൊണ്ട് സെറ്റിയൻ ചുമതല ഏറ്റിട്ടുണ്ട്. അവരുടെ പരിശീലകനായിരുന്ന ഉനൈ എംരി പ്രീമിയർ ലീഗിലേക്ക് തന്നെ മടങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *