മെസ്സി ക്ലബിൽ തുടരാമെന്ന് ഉറപ്പ് നൽകിയാൽ താൻ രാജിവെക്കാമെന്ന് ബർതോമ്യു !

എഫ്സി ബാഴ്സലോണയിൽ ലയണൽ മെസ്സിയുമായി ബന്ധപ്പെട്ടു നടക്കുന്ന ട്രാൻസ്ഫർ വാർത്തകൾ പുതിയ വഴിത്തിരിവിലേക്ക്. ഒടുവിൽ ക്ലബ്‌ പ്രസിഡന്റ്‌ ബർതോമ്യു രാജിവെക്കാൻ തന്റെ സന്നദ്ധത അറിയിച്ചതായാണ് റിപ്പോർട്ടുകൾ. പക്ഷെ ഒരു നിബന്ധന മാത്രമാണ് ബർതോമ്യു മുന്നോട്ട് വെക്കുന്നത്. ലയണൽ മെസ്സി ക്ലബിൽ തുടരുമെന്ന് ഉറപ്പ് നൽകുകയും അത്‌ പരസ്യമായി ക്ലബ്ബിനെ അറിയിക്കുകയും ചെയ്താൽ രാജിവെക്കാമെന്നാണ് ബർതോമ്യുവിന്റെ നിലപാട്. സ്പാനിഷ് മാധ്യമമായ ടിവി ത്രീയാണ് ഈ വാർത്തയുടെ ഉറവിടം. ഇതോടെ കാര്യങ്ങൾ മെസ്സിയിലേക്ക് നീങ്ങുകയായിരുന്നു. ഇനി മെസ്സിയാണ് തീരുമാനം കൈക്കൊള്ളേണ്ടത് എന്നാണ് ക്ലബിന്റെ നിലപാട്.

ഇതുവരെ ഇക്കാര്യത്തിൽ മെസ്സി പ്രതികരണമറിയിച്ചിട്ടില്ല. പക്ഷെ മെസ്സിക്ക് ഇപ്പോഴും ക്ലബ് വിടാൻ തന്നെയാണ് താല്പര്യം എന്നാണ് അറിയാൻ കഴിയുന്നത്. മുമ്പ് ക്ലബിന്റെ പ്രശ്നങ്ങൾക്ക് കാരണം പ്രസിഡന്റ്‌ ആണെന്ന് മെസ്സി സൂചിപ്പിച്ചിരുന്നു. ഇതുയർത്തി കാട്ടിയാണ് ബർതോമ്യുവിനെതിരെ മെസ്സി ആരാധകർ പ്രതിഷേധിക്കുന്നത്. ബർതോമ്യുവിന്റെ രാജി ആവിശ്യപ്പെട്ട് കഴിഞ്ഞ ദിവസവും ക്യാമ്പ് നൗവിന് പുറത്തു പ്രതിഷേധങ്ങൾ നടന്നിരുന്നു. ഈയൊരു അവസ്ഥയിൽ രംഗം തണുപ്പിക്കാൻ വേണ്ടിയാണ് ബർതോമ്യു രാജിക്കുള്ള സമ്മതം അറിയിക്കുകയും കാര്യങ്ങൾ മെസ്സിയിലേക്ക് തിരിച്ചു വിടുകയും ചെയ്തത്. ഏതായാലും ഇനി മെസ്സിയുടെ തീരുമാനങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയാണ് ഫുട്ബോൾ ലോകം. അതേസമയം ബർതോമ്യുവുമായി നേരിട്ട് കൂടിക്കാഴ്ച്ച നടത്താൻ മെസ്സി വിസമ്മതിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *