മെസ്സി-ക്രിസ്റ്റ്യാനോ യുഗം അവസാനിച്ചു, ഇനി അവരുടെ കാലം:റൂണി പറയുന്നു.

കഴിഞ്ഞ 15 വർഷത്തോളമായി ഫുട്ബോൾ ലോകം അടക്കി ഭരിക്കുന്ന സൂപ്പർ താരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും. ഇരുവരും ചേർന്നുകൊണ്ട് ആകെ 12 ബാലൺഡി’ഓർ പുരസ്കാരങ്ങളാണ് കരസ്ഥമാക്കിയിട്ടുള്ളത്. ലയണൽ മെസ്സി ഇപ്പോഴും തന്റെ മാന്ത്രികത തുടരുകയാണ്. ഇത്തവണത്തെ ബാലൺഡി’ഓർ പുരസ്കാര സാധ്യതയും ഏറ്റവും കൂടുതൽ കൽപ്പിക്കപ്പെടുന്നത് ലയണൽ മെസ്സിക്ക് തന്നെയാണ്.

എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസമായ വെയ്ൻ റൂണി ഈ വിഷയത്തിൽ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് ലയണൽ മെസ്സിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും യുഗം അവസാനിച്ചുവെന്നും ഇനി ഫുട്ബോൾ ലോകം അടക്കി ഭരിക്കുക കിലിയൻ എംബപ്പേയും ഏർലിംഗ് ഹാലന്റുമായിരിക്കും എന്നുമാണ് റൂണി പറഞ്ഞിട്ടുള്ളത്. ടൈംസിന് നൽകിയ കോളത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.റൂണിയുടെ വാക്കുകൾ ഇങ്ങനെയാണ്.

” നമുക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ലയണൽ മെസ്സിയുടെയും യുഗം ഉണ്ടായിരുന്നു. എന്നാൽ ആ യുഗത്തിന് ഇപ്പോൾ അന്ത്യമായി കൊണ്ടിരിക്കുകയാണ്.ഇത് ഏർലിംഗ് ഹാലന്റിന്റെയും കിലിയൻ എംബപ്പേയുടെയും യുഗമാണ്. ഇത്തവണത്തെ ബാലൺഡി’ഓർ പുരസ്കാരം ഏർലിങ് ഹാലന്റ് അർഹിക്കുന്നതാണ്. ഇത്തരം പ്രതിഭകൾ നമ്മുടെ ചുറ്റിലും ഉണ്ടാകുമ്പോൾ നമ്മൾ പരമാവധി ആസ്വദിക്കണം.അവർ ഏത് ടീമിലും ആയിക്കോട്ടെ, നമ്മൾ ആസ്വദിക്കുകയാണ് വേണ്ടത് “റൂണി പറഞ്ഞു.

തകർപ്പൻ പ്രകടനമാണ് ഈ സീസണിൽ ഹാലന്റും എംബപ്പേയും പുറത്തെടുക്കുന്നത്. ഈ സീസണിൽ ആകെ കളിച്ച 42 മത്സരങ്ങളിൽ നിന്ന് 48 ഗോളുകൾ ഹാലന്റ് സ്വന്തമാക്കിയിട്ടുണ്ട്. അതേസമയം എംബപ്പേ 22 ഗോളുകളും 4 അസിസ്റ്റുകളും ആണ് ഫ്രഞ്ച് ലീഗിൽ മാത്രമായി നേടിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *