മെസ്സി ഇല്ലായിരുന്നുവെങ്കിൽ റയൽ ഒരുപാട് കിരീടം നേടിയേനെ, തുറന്ന് സമ്മതിച്ച് റാമോസ്!

സൂപ്പർ താരം ലയണൽ മെസ്സി ബാഴ്സലോണയിൽ ഇല്ലായിരുന്നുവെങ്കിൽ റയൽ മാഡ്രിഡ്‌ നേടിയതിലും കൂടുതൽ കിരീടങ്ങൾ വാരിക്കൂട്ടിയേനെ എന്നഭിപ്രായപ്പട്ട് റയൽ നായകൻ സെർജിയോ റാമോസ്. കഴിഞ്ഞ ദിവസം ദി ലെജൻഡ് ഓഫ് സെർജിയോ റാമോസ് എന്ന ഡോക്യുമെന്ററിൽ സംസാരിക്കുന്ന വേളയിലാണ് റാമോസ് ഈയൊരു തുറന്നു പറച്ചിൽ നടത്തിയത്.ചരിത്രത്തിലെ ഏറ്റവും മികച്ച ബാഴ്‌സയെയാണ് തങ്ങൾ നേരിട്ടതെന്നും മെസ്സി ബാഴ്സയിൽ ഇല്ലായിരുന്നുവെങ്കിൽ റയൽ കൂടുതൽ കിരീടങ്ങൾ നേടിയേനെ എന്നുമാണ് റാമോസ് പറഞ്ഞത്. റയലിനൊപ്പം നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും അഞ്ച് ലാലിഗ കിരീടങ്ങളും നേടിയ വ്യക്തിയാണ് സെർജിയോ റാമോസ്. എന്നാൽ മെസ്സിയാവട്ടെ നാല് ചാമ്പ്യൻസ് ലീഗുകൾക്ക് പുറമേ പത്ത് ലാലിഗ കിരീടങ്ങൾ നേടിയിട്ടുണ്ട്. ഈ കിരീടങ്ങളാണ് മെസ്സിയില്ലായിരുന്നുവെങ്കിൽ റയലിന് ലഭിച്ചേനെയെന്ന് റാമോസ് അഭിപ്രായപ്പെട്ടത്.

“മെസ്സിയെ നേരിടാൻ കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ ഞങ്ങൾ ബുദ്ധിമുട്ടിയിട്ടുണ്ട്.ഒരുപക്ഷെ ബാഴ്സലോണയിൽ ലയണൽ മെസ്സി ഇല്ലായിരുന്നുവെങ്കിൽ ഞങ്ങൾ കൂടുതൽ കിരീടങ്ങൾ നേടിയേനെ.ആ സമയത്ത് ചരിത്രത്തിലെ ഏറ്റവും മികച്ച ബാഴ്സലോണയെയാണ് ഞങ്ങൾക്ക് നേരിടേണ്ടി വന്നത്.മൊറീഞ്ഞോയെ പോലെയുള്ള ഒരു മികച്ച പരിശീലകൻ ഞങ്ങൾക്കുണ്ടായിട്ടും അവരെ പരാജയപ്പെടുത്തുക എന്നുള്ളത് വളരെ കഠിനമായിരുന്നു.ഞങ്ങൾക്ക് ആ സമയത്ത് വളരെ കൂടുതലൊന്നും നേടാൻ കഴിഞ്ഞിരുന്നില്ല. അതിന് പ്രധാനകാരണം അവർ തന്നെയായിരുന്നു ” റാമോസ് പറഞ്ഞു. മെസ്സി ബാഴ്സക്ക് എത്രത്തോളം പ്രധാനപ്പെട്ട താരമാണ് എന്ന് തെളിയിക്കുന്നതാണ് റാമോസിന്റെ പ്രസ്താവന.

Leave a Reply

Your email address will not be published. Required fields are marked *