മെസ്സി ഇല്ലാതെ കാര്യങ്ങൾ ബുദ്ധിമുട്ടാണ് : തുറന്ന് സമ്മതിച്ച് സാവി!
ഇന്ന് ലാലിഗയിൽ നടക്കുന്ന മത്സരത്തിൽ വമ്പന്മാരായ fc ബാഴ്സലോണ കളത്തിലേക്കിറങ്ങുന്നുണ്ട്.റയോ വല്ലെക്കാനോയാണ് ബാഴ്സയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30-ന് ബാഴ്സയുടെ മൈതാനമായ ക്യാമ്പ് നൗവിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക.
ഈ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ നിരവധി കാര്യങ്ങളെക്കുറിച്ച് ബാഴ്സയുടെ പരിശീലകനായ സാവി സംസാരിച്ചിരുന്നു. കൂട്ടത്തിൽ സൂപ്പർ താരം ലയണൽ മെസ്സിയെയും അദ്ദേഹം പരാമർശിച്ചിരുന്നു. ലയണൽ മെസ്സിയില്ലാതെ കാര്യങ്ങൾ വളരെയധികം ബുദ്ധിമുട്ടാണ് എന്നാണ് സാവി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) April 24, 2022
” മെസ്സിക്ക് ശേഷമുള്ള ഒരു കാലഘട്ടത്തിലാണ് നിലവിൽ ബാഴ്സയുള്ളത്. നമ്മൾ ഒരുപാട് ക്ഷമ കാണിക്കേണ്ടതുണ്ട്. എല്ലാ കിരീടങ്ങളും നേടാൻ എനിക്കാഗ്രഹമുണ്ട്. പക്ഷേ അടുത്ത സീസണിലേക്ക് ടീമിനെ ശക്തിപ്പെടുത്തണം. യാഥാർത്ഥ്യത്തെ കൂടുതൽ നമ്മൾ മനസ്സിലാക്കണം. ഒപ്പം ക്ഷമയും ശാന്തതയും വേണം. മെസ്സിയില്ലാതെ കാര്യങ്ങൾ വളരെയധികം ബുദ്ധിമുട്ടാണ്.എന്നിരുന്നാലും ടീമിന്റെ മനോഭാവം പ്രശംസനീയമാണ്. ഒരുപാട് നിമിഷങ്ങൾ ഈ സീസണിൽ ഉണ്ടായിട്ടുണ്ട്.ബെർണാബുവിൽ റയലിനെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിതുപോലെയുള്ള മനോഹരമായ നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ലാലിഗയിൽ ഒമ്പതാം സ്ഥാനത്തായിരുന്നു എന്നത് പോലെയുള്ള പേടിപ്പെടുത്തുന്ന നിമിഷങ്ങളും ഉണ്ടായിട്ടുണ്ട്. ഇതാണ് നമ്മുടെ യാഥാർത്ഥ്യം. നമ്മൾ അതിനെ അഭിമുഖീകരിച്ചേ മതിയാവൂ ” ഇതാണ് സാവി പറഞ്ഞത്.
നിലവിൽ ലാലിഗയിൽ ബാഴ്സ രണ്ടാംസ്ഥാനത്താണ്. എന്നാൽ അവസാനത്തെ മൂന്ന് മത്സരങ്ങളിൽ രണ്ടിലും പരാജയപ്പെട്ടത് സാവിക്ക് ആശങ്ക നൽകുന്ന കാര്യമാണ്.