മെസ്സിയെ ലോണിലും കൊണ്ടുവരില്ല,വിടവാങ്ങൽ മത്സരവും വൈകും :ലാപോർട്ട

സൂപ്പർ താരം ലയണൽ മെസ്സിയെ കഴിഞ്ഞ സമ്മറിൽ കൊണ്ടുവരാൻ എഫ്സി ബാഴ്സലോണ ശ്രമങ്ങൾ നടത്തിയിരുന്നു.പക്ഷേ മെസ്സി ബാഴ്സയിലേക്ക് വരാൻ തയ്യാറായിരുന്നില്ല.അദ്ദേഹം ഇന്റർ മയാമിയിലേക്ക് പോവുകയായിരുന്നു. ബാഴ്സലോണ അദ്ദേഹത്തെ ഇന്ററിൽ നിന്നും ലോൺ അടിസ്ഥാനത്തിൽ ക്ലബ്ബിലേക്ക് കൊണ്ടുവരുമെന്ന റൂമറുകൾ പ്രചരിച്ചിരുന്നു. മാത്രമല്ല ലയണൽ മെസ്സിക്ക് ഒരു മികച്ച വിടവാങ്ങൽ മത്സരം ബാഴ്സ ഒരുക്കുമെന്ന് നേരത്തെ തന്നെ ലാപോർട്ട പറയുകയും ചെയ്തിരുന്നു.

ഈ വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾ ഇപ്പോൾ ബാഴ്സലോണയുടെ പ്രസിഡണ്ട് തന്നെ നടത്തിയിട്ടുണ്ട്.അതായത് ലോൺ അടിസ്ഥാനത്തിൽ പോലും മെസ്സിയെ കൊണ്ടുവരാൻ കഴിയില്ല എന്നാണ് ലാപോർട്ട പറഞ്ഞിട്ടുള്ളത്. മെസ്സിയുടെ വിടവാങ്ങൽ മത്സരം ഒരുപക്ഷേ 2026 വരെ നീണ്ടേക്കാം എന്നുള്ള ഒരു സൂചനയും അദ്ദേഹം നൽകിയിട്ടുണ്ട്.EFE എന്ന മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ലാപോർട്ടയുടെ വാക്കുകൾ ഇങ്ങനെയാണ്.

“ലോണിനെ കുറിച്ചുള്ള ന്യൂസുകൾ ഞാൻ കണ്ടിരുന്നു.പക്ഷേ മെസ്സിയെ ലോണിൽ എത്തിക്കൽ സാധ്യമല്ല.അതിന് ഫിഫ പോലും അനുവദിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.മെസ്സിയെ സ്വന്തമാക്കാൻ വേണ്ടി ഞങ്ങൾ ശ്രമിച്ചിരുന്നു.പക്ഷേ അത് സംഭവിച്ചില്ല.കാരണം തികച്ചും ലോജിക്കൽ ആയിരുന്നു.അത്രയധികം പ്രഷർ അദ്ദേഹം പാരീസിൽ അനുഭവിച്ചിരുന്നു. അതുകൊണ്ടാണ് അദ്ദേഹം എംഎൽഎസിലേക്ക് പോവാൻ തീരുമാനിച്ചിരുന്നത്. മെസ്സിക്കുള്ള വിടവാങ്ങൽ ആദരം എപ്പോൾ നൽകാൻ കഴിയും എന്ന് എനിക്കറിയില്ല. 2024 അവസാനത്തിൽ ഞങ്ങൾ പുതിയ ക്യാമ്പ് നൗവിലേക്ക് തിരിച്ചെത്തും. ഒരുപക്ഷേ അപ്പോൾ സംഭവിച്ചേക്കാം. അതല്ല എങ്കിൽ 2026 ജൂലൈ മാസത്തിലാണ് പൂർണ്ണമായും പണി അവസാനിക്കുക. അതിനുശേഷം സംഭവിച്ചേക്കാം ” ഇതാണ് ബാഴ്സലോണയുടെ പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.

ഏതായാലും ലയണൽ മെസ്സി ഇനി യൂറോപ്പിലേക്ക് തിരിച്ചെത്താനുള്ള സാധ്യതകൾ കുറവാണ്. സമ്മർദ്ദം ഇല്ലാത്തിടത്ത് കളിക്കാനാണ് ലയണൽ മെസ്സി ഇപ്പോൾ ആഗ്രഹിക്കുന്നത്. പക്ഷേ അദ്ദേഹം അർഹിക്കുന്ന രൂപത്തിലുള്ള ഒരു വിടവാങ്ങൽ ബാഴ്സലോണ നൽകുമെന്നുള്ള കാര്യം അവരുടെ പ്രസിഡന്റ് തന്നെ ഉറപ്പു നൽകിയതാണ്.

Leave a Reply

Your email address will not be published. Required fields are marked *