മെസ്സിയെ മറക്കൂ, മുന്നോട്ട് നോക്കൂ : കൂമാന് പറയാനുള്ളത് ഇങ്ങനെ!

2004-ന് ശേഷം ലയണൽ മെസ്സി ഇല്ലാത്ത ഒരു സീസണിനാണ് എഫ്സി ബാഴ്സലോണ ഇപ്പോൾ ഒരുങ്ങി കൊണ്ടിരിക്കുന്നത്. ലാലിഗയിലെ ആദ്യ മത്സരത്തിൽ റയൽ സോസിഡാഡിനെയാണ് കൂമാന്റെ സംഘം നേരിടുന്നത്. ഏതായാലും മെസ്സി ഇല്ലാത്തതിന്റെ ആശങ്കകളും, പുതിയ സീസണിലെ പ്രതീക്ഷകളുമെല്ലാം കൂമാൻ പങ്കു വെച്ചിട്ടുണ്ട്. മെസ്സി ഇല്ലാത്തത് ബാഴ്‌സക്ക്‌ ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും എന്നാൽ മെസ്സിയുടെ അദ്ധ്യായം അടച്ചു കൊണ്ട് മുന്നോട്ട് നോക്കാനുമാണ് കൂമാൻ തന്റെ താരങ്ങളെ അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം ഇഎസ്പിഎന്നിന് കൂമാൻ ഒരു ഇന്റർവ്യൂ നൽകിയിരുന്നു. അതിലാണ് അദ്ദേഹം ഒരുപാട് കാര്യങ്ങളെ കുറിച്ച് സംസാരിച്ചിട്ടുള്ളത്.

” എക്കാലത്തും ഒരു ക്ലബ്ബിന് വേണ്ടി ഒരു താരത്തിന് കളിക്കാൻ കഴിയില്ല എന്നുള്ള കാര്യം നമ്മൾ നിർബന്ധമായും മനസ്സിലാക്കേണ്ടതുണ്ട്.അത്കൊണ്ട് തന്നെ നമ്മൾ മെസ്സിയുടെ അദ്ധ്യായം ക്ലോസ് ചെയ്യണം.എന്തെന്നാൽ വരുന്ന സീസണിൽ നമ്മൾ ശ്രദ്ധ നൽകേണ്ടതുണ്ട്.ഞങ്ങൾ ഇവിടേക്ക് കുറച്ച് പുതിയ താരങ്ങളെ കൊണ്ട് വന്നിട്ടുണ്ട്.അവരെ കൂടി ഉൾപ്പെടുത്തി ക്ലബ്ബിന്റെ ഭാവിയെ പടുത്തുയർത്തുകയാണ് ഞങ്ങൾ.കഴിഞ്ഞ ദിവസങ്ങളിൽ എന്ത് സംഭവിച്ചു എന്നതിലല്ല, മറിച്ച് വരാനിരിക്കുന്ന ദിവസങ്ങളിലാണ് ഞങ്ങൾ ശ്രദ്ധ പതിപ്പിക്കേണ്ടത് ” കൂമാൻ തുടർന്നു.

കൂടാതെ മെസ്സിയുടെ വിടവാങ്ങൽ ബാഴ്‌സക്ക്‌ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും കൂമാൻ അറിയിച്ചിട്ടുണ്ട്. ” മെസ്സി ക്ലബ് വിട്ടത് തീർച്ചയായും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു കാര്യമാണ്.എന്തെന്നാൽ നമ്മൾ ഏതെങ്കിലും ഒരു താരത്തെ കുറിച്ചല്ല സംസാരിക്കുന്നത്. സാക്ഷാൽ ലയണൽ മെസ്സിയെ കുറിച്ചാണ്.ഒരുപാട് വർഷങ്ങളായി ലോകത്തിലെ ഏറ്റവും മികച്ച താരമായി നിലകൊള്ളുന്ന വ്യക്തിയാണ് അദ്ദേഹം. ഈ സീസണിൽ അദ്ദേഹം ബാഴ്സക്കൊപ്പം ഇല്ല എന്നുള്ളത് ഞങ്ങളെ എല്ലാവരെയും അസ്വസ്ഥരാക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ വേഗത്തിൽ ഈ സാഹചര്യത്തോട് ഇണങ്ങി ചേരേണ്ടിയിരിക്കുന്നു. എന്തെന്നാൽ ഇതൊരു സീസണിന്റെ തുടക്കമാണ്. മെസ്സിയുടെ കാര്യമോർത്ത് ദുഃഖിച്ചിരിക്കാനുള്ള സമയമല്ല ഇത്.മെസ്സി ഇല്ലാതെ ഗോളുകൾ നേടുക എന്നുള്ളത് കുറച്ച് കടുപ്പമായിരിക്കും. പക്ഷേ ഞങ്ങൾ വ്യക്തിഗത മികവിനെക്കാൾ കൂടുതൽ പ്രാധാന്യം നൽകുന്നത് ടീമിന്റെ മികവിനാണ് ” കൂമാൻ അവസാനിപ്പിച്ചു.

ഏതായാലും മെസ്സിയുടെ വിടവ് ബാഴ്‌സയെ എത്രത്തോളം ബാധിക്കുമെന്നുള്ളത് ഈ സീസണിൽ വ്യക്തമായേക്കും.

Leave a Reply

Your email address will not be published. Required fields are marked *