മെസ്സിയെ തൊടാൻ പോലും അനുമതിയുണ്ടായിരുന്നില്ല: ബാഴ്സ ക്യാമ്പിലെ അനുഭവങ്ങൾ വെളിപ്പെടുത്തി മുൻ താരം!

എഫ്സി ബാഴ്സലോണയുടെ ചരിത്രത്തിലെ എക്കാലത്തെ മികച്ച ഇതിഹാസമാണ് സൂപ്പർ താരം ലയണൽ മെസ്സി.ബാഴ്സയിലെ ഒട്ടുമിക്ക റെക്കോർഡുകളും മെസ്സിയുടെ പേരിലാണ്.ക്ലബ്ബിനോടൊപ്പം 34 കിരീടങ്ങൾ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.10 ലാലിഗ കിരീടങ്ങളും നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും അതിൽ ഉൾപ്പെടുന്നു.ബാഴ്സ എന്ന ക്ലബ്ബിന് ഒരു സുവർണ്ണ കാലഘട്ടം തന്നെ സമ്മാനിക്കാൻ മെസ്സിക്ക് സാധിച്ചിരുന്നു.

അതുകൊണ്ടുതന്നെ ലയണൽ മെസ്സിയെ പരമാവധി ബാഴ്സലോണ സംരക്ഷിച്ചിരുന്നു. ഇക്കാര്യം ബാഴ്സയുടെ മുൻപ്രതിരോധനിരതാരമായ ജീൻ ക്ലയർ ടോഡിബോ തുറന്നു പറഞ്ഞിട്ടുണ്ട്.ട്രെയിനിങ്ങിൽ ലയണൽ മെസ്സിയെ തൊടാൻ പോലും തങ്ങൾക്ക് അനുമതി ഉണ്ടായിരുന്നില്ല എന്നാണ് ടോഡിബോ വ്യക്തമാക്കിയിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ മാർക്ക റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ബാഴ്സലോണയിൽ ഞങ്ങൾക്ക് പരിശീലനത്തിനിടെ മെസ്സിയെ തൊടാൻ പോലും അനുമതി ഉണ്ടായിരുന്നില്ല.ഇത് കേൾക്കുമ്പോൾ നിങ്ങൾക്ക് ഭ്രാന്തായി തോന്നും.പക്ഷേ അതാണ് സത്യം. തീർച്ചയായും ഞങ്ങൾ അദ്ദേഹത്തിന്റെ കാര്യത്തിൽ ജാഗ്രത പുലർത്തണമായിരുന്നു.അത് സാധാരണമായ ഒരു കാര്യമാണ്. അദ്ദേഹം ലോകത്തെ ഏറ്റവും മികച്ച താരമാണ്. അതുകൊണ്ടുതന്നെ നമ്മൾ അദ്ദേഹത്തെ വേദനിപ്പിക്കാൻ പാടുണ്ടായിരുന്നില്ല ” ഇതാണ് ടോഡിബോ പറഞ്ഞിട്ടുള്ളത്.

അതായത് ലയണൽ മെസ്സിയെ കടുത്ത രീതിയിൽ നേരിടാനുള്ള അനുമതി മറ്റു സഹതാരങ്ങൾക്ക് ബാഴ്സ നൽകിയിരുന്നില്ല എന്നാണ് ഇദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്. നിലവിൽ ഫ്രഞ്ച് ക്ലബ്ബായ നീസിന്റെ ഡിഫൻഡർ ആണ് ടോഡിബോ. അവിടെ താരം മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ട്. ഫ്രഞ്ച് ലീഗിൽ ആകെ കളിച്ച 13 മത്സരങ്ങളിൽ നിന്ന് നാല് ഗോളുകൾ മാത്രമാണ് നീസ് വഴങ്ങിയിട്ടുള്ളത്. അതിൽ മൂന്നു ഗോളുകളും പിഎസ്ജിക്കെതിരെയാണ്.പിഎസ്ജിക്കെതിരെയുള്ള മത്സരം മാറ്റി നിർത്തിയാൽ 12 മത്സരങ്ങളിൽ നിന്ന് കേവലം ഒരു ഗോൾ മാത്രമാണ് ടോഡിബോയും സഹതാരങ്ങളും വഴങ്ങിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *