മെസ്സിയെ ടീമിലെത്തിക്കാനുള്ള കെൽപ്പ് ഇന്റർമിലാനുണ്ടെന്ന് മുൻ പ്രസിഡന്റ്‌ !

സൂപ്പർ താരം ലയണൽ മെസ്സി ഇന്റർമിലാനിലേക്ക് എന്ന ഊഹാപോഹങ്ങൾ കുറച്ചു മുൻപ് തന്നെ പ്രചരിക്കുന്ന ഒന്നാണ്. ആധികാരികമായ ഉറവിടങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നുല്ലെങ്കിലും ഇതിനെ തുടർന്ന് ഒരുപാട് ചർച്ചകൾ ഫുട്ബോൾ ലോകത്ത് നടന്നിരുന്നു. ഈയൊരു വാർത്തകളോട് തന്റെ പ്രതികരണമറിയിച്ചിരിക്കുകയാണ് മുൻ ഇന്റർമിലാൻ പ്രസിഡന്റ്‌ മാസ്സിമോ മൊറാട്ടി. മെസ്സിയെ ടീമിലെത്തിക്കാനുള്ള കെൽപ്പും സാമ്പത്തികശേഷിയും ഇന്റർ മിലാന് ഉണ്ടെന്നാണ് ഇദ്ദേഹത്തിന്റെ അറിയിപ്പ്. നിലവിലെ ഉടമസ്ഥർ എല്ലാം എടുക്കാൻ കഴിയുന്നവരാണ് എന്നാണ് ഇദ്ദേഹം പ്രസ്താവിച്ചത്. മെസ്സി ബാഴ്സ വിട്ടേക്കും എന്ന തരത്തിലുള്ള ഊഹാപോഹങ്ങൾക്ക് ഇപ്പോഴും കുറവ് വന്നിട്ടില്ല. പ്രത്യേകിച്ച് ഇന്നലെ 8-2 ന് ബാഴ്സ തോൽക്കുക കൂടെ ചെയ്തതോടെ അഭ്യൂഹങ്ങൾക്ക് ശക്തി പടരുകയാണ് ചെയ്തത്. താരം ബാഴ്സയിൽ അസ്വസ്ഥനാണ് എന്നത് പരസ്യമായ കാര്യമാണ്. ബാഴ്സയുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടില്ലെങ്കിൽ മെസ്സി ക്ലബ് വിടാനുള്ള സാധ്യത പല ഫുട്ബോൾ നിരീക്ഷകരും കാണുന്നുണ്ട്.

മെസ്സിയെ കുറിച്ചുള്ള മൊറാട്ടിയുടെ വാക്കുകൾ ഇങ്ങനെയാണ്. ” നിലവിൽ ഞാൻ കേവലം ഒരു ഇന്റർമിലാൻ ആരാധകൻ മാത്രമാണ്. എനിക്ക് ക്ലബിന്റെ അകത്തുള്ള വിവരങ്ങൾ ഒന്നും തന്നെ അറിയില്ല. പക്ഷെ മെസ്സിയെ ക്ലബിലെത്തിക്കാനുള്ള എല്ലാ വിധ ശേഷിയും ഇന്റർമിലാന് ഉണ്ട് എന്നുള്ളത് എനിക്കറിയാവുന്ന കാര്യമാണ് ” ക്വോറ്റിഡിയാനോ സ്പോർട്ടിവോക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. അതേ സമയം ഇന്റർ മിലാൻ താരം റൊമേലു ലുക്കാക്കുവിനെ താൻ വിലകുറച്ചു കണ്ടു എന്നുള്ളത് അദ്ദേഹം സമ്മതിച്ചു. താൻ കരുതിയതിനെക്കാളേറെ മികച്ച താരമാണ് അദ്ദേഹമെന്നും അദ്ദേഹമിപ്പോൾ ഒരു ജേതാവിനെ പോലെയാണ് കളിക്കുന്നതെന്നും മൊറാട്ടി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *