മെസ്സിയെ കൈവിട്ടതിൽ ഖേദമില്ല : ലാപോർട്ട
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു എഫ്സി ബാഴ്സലോണയുടെ പ്രസിഡന്റായ ജോയൻ ലാപോർട്ട ഒരു വലിയ തീരുമാനം കൈക്കൊണ്ടത്.സൂപ്പർ താരം ലയണൽ മെസ്സിയെ ബാഴ്സ കൈവിടുകയായിരുന്നു.തുടർന്ന് താരം ഫ്രീ ഏജന്റായി കൊണ്ട് പിഎസ്ജിയിൽ എത്തി.മെസ്സി ഇല്ലാത്തത് ബാഴ്സക്ക് തുടക്കത്തിൽ വലിയ ക്ഷീണമേൽപ്പിച്ചുവെങ്കിലും ഇപ്പോൾ അതിൽ നിന്നും അവർ കരകയറുന്നുണ്ട്.
ഇപ്പോഴിതാ മെസ്സിയുടെ ബാഴ്സ വിടലുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ജോയൻ ലാപോർട്ട പങ്കുവെച്ചിട്ടുണ്ട്.അതായത് മെസ്സിയെ കൈവിട്ടതാണ് താൻ ഇതുവരെ എടുത്ത ഏറ്റവും ദുഃഖകരമായ തീരുമാനമെന്നും എന്നാൽ അതിൽ തനിക്ക് ഖേദമില്ല എന്നുമാണ് ലാപോർട്ട പറഞ്ഞിട്ടുള്ളത്. കഴിഞ്ഞദിവസം ബാഴ്സ ടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ലാപോർട്ടയുടെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) March 8, 2022
” ഞാൻ ഇതുവരെ എടുത്ത ഏറ്റവും ദുഃഖകരമായ തീരുമാനമാണ് മെസ്സിയെ കൈവിട്ടത്. ഒരിക്കലും ഞാൻ അതിന് ആഗ്രഹിച്ചിരുന്നില്ല. പക്ഷേ അക്കാര്യത്തിൽ ഞാൻ ക്ഷമ ചോദിക്കുകയോ ഖേദം പ്രകടിപ്പിക്കുകയോ ചെയ്യുകയില്ല.കാരണം എല്ലാത്തിനും മുകളിൽ ഞങ്ങൾ ക്ലബ്ബിനെയാണ് പരിഗണിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച താരമാണെങ്കിലും ഞങ്ങൾ ക്ലബ്ബിനാണ് പരിഗണന നൽകേണ്ടത്. അത്തരത്തിലുള്ള ഒരു സാഹചര്യമായിരുന്നു അത്.ഞങ്ങൾ യാഥാർത്ഥ്യം മനസ്സിലാക്കി.ഒന്നുമില്ലെങ്കിലും ബാഴ്സയുടെ ചരിത്രം കൂടെയുണ്ടാവും. നല്ല തീരുമാനങ്ങളും നല്ല പ്രവർത്തനങ്ങളും കാഴ്ചവെച്ചു കൊണ്ട് വിജയപാതയിലേക്ക് തിരിച്ചെത്തുകയാണ് വേണ്ടത്. അതാണ് ഞങ്ങളിപ്പോൾ ചെയ്യുന്നത് ” ലാപോർട്ട പറഞ്ഞു.
നിലവിൽ സാവിക്ക് കീഴിൽ മികച്ച പ്രകടനമാണ് ബാഴ്സ കാഴ്ചവെക്കുന്നത്.ലാലിഗയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറാൻ ബാഴ്സക്ക് സാധിച്ചിട്ടുണ്ട്.