മെസ്സിയെക്കാൾ കഴിവുള്ളവൻ : തുർക്കിഷ് മെസ്സിയെ കുറിച്ച് പരിശീലകൻ!

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു തുർക്കിഷ് മെസ്സി എന്നറിയപ്പെടുന്ന ആർദ ഗുലറിനെ സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് സ്വന്തമാക്കിയത്.താരത്തിന് വേണ്ടി എഫ്സി ബാഴ്സലോണ വലിയ ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ അവസാനത്തിൽ അദ്ദേഹത്തെ റയൽ സ്വന്തമാക്കുകയായിരുന്നു. പക്ഷേ ഇതുവരെ റയൽ മാഡ്രിഡിന് വേണ്ടി അരങ്ങേറ്റം നടത്താൻ ഗുലറിന് കഴിഞ്ഞിട്ടില്ല. പരിക്കാണ് താരത്തിന് വിനയാകുന്നത്.

താരത്തിന്റെ യൂത്ത് ടീമിന്റെ പരിശീലകനായിരുന്ന എറോൾ ടോക്ഗോസ്ലർ ഇപ്പോൾ ഗുലറിനെ കുറച്ച് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.അതായത് സൂപ്പർ താരം ലയണൽ മെസ്സിയെക്കാൾ കൂടുതൽ കഴിവുള്ള ഒരു താരമാണ് ഗുലർ എന്നാണ് എറോൾ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

“ഞാൻ കണ്ട ഫുട്ബോൾ ചരിത്രത്തിലെ കാലത്തെയും മികച്ച താരം അത് ലയണൽ മെസ്സിയാണ്. അതേസമയം ആർദ ഗുലറിന് വളരെയധികം കഴിവുകൾ ഉണ്ട്.ലയണൽ മെസ്സി ഇതിനോടകം തന്നെ എല്ലാം സ്വന്തമാക്കി കഴിഞ്ഞു.ഗുലറിന് ഇനി അതെല്ലാം നേടേണ്ടതുണ്ട്. അദ്ദേഹം ഇപ്പോഴും യുവതാരമാണ്.പക്ഷേ നമ്മൾ പൊട്ടൻഷ്യലിനെ കുറിച്ച് കൃത്യമായി സംസാരിക്കുകയാണെങ്കിൽ, ലയണൽ മെസ്സിയെക്കാൾ കൂടുതൽ പൊട്ടൻഷ്യൽ ഉള്ള താരമാണ് ആർദ ഗുലർ എന്ന് ഞാൻ പറയും ” ഇതാണ് അദ്ദേഹത്തിന്റെ യൂത്ത് ടീം പരിശീലകൻ പറഞ്ഞിട്ടുള്ളത്.

സൂപ്പർ താരം ലയണൽ മെസ്സിയുടെ കളിശൈലിയോടും ഡ്രിബ്ലിങ്ങിനോടും വളരെയധികം സാമ്യമുള്ള ഒരു താരമാണ് ഗുലർ. അതുകൊണ്ടുതന്നെയാണ് തുർക്കിഷ് മെസ്സി എന്ന ഒരു വിശേഷണം അദ്ദേഹം ലഭിച്ചിരിക്കുന്നത്. 18 വയസ്സ് മാത്രമുള്ള ഈ താരത്തെ തുർക്കിഷ് ക്ലബ്ബായ ഫെനർബാഷെയിൽ നിന്നായിരുന്നു റയൽ മാഡ്രിഡ് സ്വന്തമാക്കിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *