മെസ്സിയുടെ സസ്പെൻഷനെതിരെ പോരാടാൻ ബാഴ്സലോണ !

കഴിഞ്ഞ ദിവസം സൂപ്പർ കോപ്പയിൽ നടന്ന ഫൈനൽ മത്സരത്തിൽ ചരിത്രത്തിലാദ്യമായി മെസ്സി ബാഴ്സ ജേഴ്‌സിയിലെ റെഡ് കാർഡ് കണ്ടിരുന്നു. മത്സരത്തിന്റെ അധികസമയത്ത് അത്‌ലെറ്റിക്ക്‌ ബിൽബാവോ താരത്തെ അടിച്ചതിനെ തുടർന്നാണ് റഫറി മെസ്സിക്ക് റെഡ് കാർഡ് കാണിച്ചത്. തുടർന്ന് മെസ്സിക്ക്‌ വിലക്ക് ലഭിക്കുമെന്ന് ഉറപ്പായിരുന്നു. കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷം കുറഞ്ഞത് രണ്ട് മത്സരങ്ങളിൽ നിന്നെങ്കിലും മെസ്സി സസ്‌പെൻഷൻ നേരിടേണ്ടി വരും. കൂടിയത് നാലു മുതൽ പന്ത്രണ്ട് മത്സരങ്ങളിൽ നിന്ന് വരെയാണ് മെസ്സിക്ക് വിലക്ക് നേരിടേണ്ടി വരിക. ചൊവ്വാഴ്ച്ചയാണ് മെസ്സിയുടെ വിലക്ക് എത്രയായിരിക്കും എന്ന് പുറത്ത് വിടുക എന്നാണ് അറിയാൻ കഴിയുന്നത്. മെസ്സിയുടെ വിലക്ക് എത്രയായാലും അതിനെതിരെ പോരാടാനാണ് ബാഴ്സയുടെ തീരുമാനം.

കോപ്പ ഡെൽ റേയിൽ നടക്കുന്ന കോർണെല്ലക്കെതിരെയുള്ള മത്സരം മെസ്സിക്ക് നഷ്ടമാവുമെന്ന് ഉറപ്പായി കഴിഞ്ഞിട്ടുണ്ട്. പിന്നീട് ലാലിഗയിൽ എൽചെക്കെതിരെയാണ് ബാഴ്സ കളിക്കുന്നത്. ഈ മത്സരവും മെസ്സിക്ക് നഷ്ടമായേക്കും. ഏതായാലും വിലക്ക് എത്രയെന്ന് പുറത്ത് വന്നതിന് ശേഷമാണ് ബാഴ്സ അപ്പീൽ നൽകുക. എത്രയാണെങ്കിലും അതിനെതിരെ അപ്പീൽ പോവാനാണ് ബാഴ്സയുടെ തീരുമാനം. സ്പാനിഷ് മാധ്യമമായ മാർക്കയാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. വലിയ തോതിലുള്ള ശിക്ഷ മെസ്സിക്ക് നേരിടേണ്ടി വരില്ല എന്നാണ് അറിയാൻ കഴിയുന്നത്. മൂന്നോ നാലോ മത്സരങ്ങളിൽ മെസ്സി പുറത്തിരിക്കേണ്ടി വന്നേക്കും. മെസ്സിയുടെ അഭാവം ബാഴ്സയെ ബാധിക്കുമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല.

Leave a Reply

Your email address will not be published. Required fields are marked *