മെസ്സിയുടെ വിലക്ക്, അപ്പീൽ പോവുമെന്നറിയിച്ച് ബാഴ്സ !

സൂപ്പർ കോപ്പയിൽ നടന്ന ഫൈനൽ മത്സരത്തിനിടെയായിരുന്നു സൂപ്പർ താരം ലയണൽ മെസ്സിക്ക് റെഡ് കാർഡ് കാണേണ്ടി വന്നത്. അത്‌ലെറ്റിക്ക് ബിൽബാവോക്കെതിരെ നടന്ന മത്സരത്തിന്റെ അവസാനമിനുട്ടിലാണ് മെസ്സി റെഡ് കാർഡ് കണ്ടത്. എതിർ താരത്തിന്റെ തലക്കടിച്ചതിനെ തുടർന്നാണ് റഫറി VAR പരിശോധിച്ച് മെസ്സിക്ക് റെഡ് നൽകിയത്. തുടർന്ന് ഈ സംഭവത്തിൽ സ്പെയിനിലെ അച്ചടക്കവിഷയങ്ങൾ അന്വേഷിക്കുന്ന ആർഎഫ്ഇഎഫ് മെസ്സിക്ക് വലിയ സസ്‌പെൻഷൻ നൽകേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. എന്നാൽ മെസ്സിക്ക് രണ്ട് മത്സരങ്ങൾ വിലക്കേർപ്പെടുത്തി കൊണ്ട് ഇവർ പ്രസ്താവന ഇറക്കിയിട്ടുണ്ട്. ഇതോടെ കോപ്പ ഡെൽ റേയിലെയും ലാലിഗയിലെയും ഓരോ മത്സരങ്ങൾ മെസ്സിക്ക് നഷ്ടമാവുമെന്നുറപ്പായി. കോർനെല്ലക്കെതിരെ നടക്കുന്ന കോപ്പ ഡെൽ റേ മത്സരവും ലാലിഗയിൽ നടക്കുന്ന എൽചെക്കെതിരെയുള്ള മത്സരവുമാണ് താരത്തിന് നഷ്ടമാവുക.

ജനുവരി മുപ്പത്തിയൊന്നാം തിയ്യതി നടക്കുന്ന മത്സരത്തിൽ മെസ്സി തിരിച്ചെത്തിയേക്കും. അന്നും ലാലിഗയിൽ ഇതേ അത്‌ലെറ്റിക്ക് ബിൽബാവോയോടാണ് ബാഴ്സക്ക്‌ ഏറ്റുമുട്ടാനുള്ളത്.അതേസമയം മെസ്സിയുടെ വിലക്കിനെതിരെ അപ്പീൽ പോവുമെന്ന് ബാഴ്‌സ അറിയിച്ചിട്ടുണ്ട്. ഇന്നലെ തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് വിലക്കിനെതിരെ അപ്പീൽ നൽകുമെന്ന് ബാഴ്സ അറിയിച്ചത്. ഇതാദ്യമായാണ് ബാഴ്സലോണ ജേഴ്സി മെസ്സി റെഡ് കാർഡ് ഏറ്റുവാങ്ങുന്നത്. 750-ൽ പരം മത്സരങ്ങൾ കളിച്ച ശേഷമാണ് മെസ്സി റെഡ് കാർഡ് കാണുന്നത്. എന്നാൽ അർജന്റീനക്ക്‌ വേണ്ടി അരങ്ങേറ്റമത്സരത്തിൽ തന്നെ മെസ്സിക്ക് റെഡ് ലഭിച്ചിരുന്നു. പകരക്കാരനായി ഇറങ്ങി ഒരു മിനിറ്റിനകം തന്നെ റെഡ് കാർഡ് ലഭിച്ച് മെസ്സി പുറത്താവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *