മെസ്സിയുടെ ബാഴ്‌സ ജേഴ്സിയിലെ അവസാന ഗോൾ, തലകുനിച്ചു മടക്കം!
ബാഴ്‌സയുടെ എക്കാലത്തെയും വലിയ ഇതിഹാസമായ ലയണൽ മെസ്സി ക്യാമ്പ് നൗവിന്റെ പടികളിറങ്ങുന്ന കാര്യം ഇന്നലെ അർധ രാത്രിയായിരുന്നു എഫ്സി ബാഴ്സലോണ സ്ഥിരീകരിച്ചത്. കരാർ പുതുക്കാനാവാതെ വന്നതോടെ ഫ്രീ ഏജന്റായ മെസ്സിക്ക് തനിക്ക് ഇഷ്ടമുള്ള ക്ലബ്ബിലേക്ക് ചേക്കേറാൻ സാധിക്കും. ഏതായാലും വരുന്ന സീസണിൽ മെസ്സി ബാഴ്‌സ ജേഴ്സി അണിയില്ല എന്നുള്ളതാണ് യാഥാർഥ്യം.
🔵🔴 El último gol de Messi como azulgrana.. https://t.co/VcnZ8BMWHl
— Mundo Deportivo (@mundodeportivo) August 5, 2021
അതേസമയം എഫ്സി ബാഴ്സലോണയിലെ തന്റെ അവസാന ഗോൾ മെസ്സിക്ക് സന്തോഷം നൽകുന്ന ഒന്നല്ല. എന്തെന്നാൽ ആ മത്സരത്തിൽ തോൽവി വഴങ്ങി തലകുനിച്ചു മടങ്ങാനായിരുന്നു ബാഴ്‌സയുടെ വിധി. ലാലിഗയിലെ 37-ആം റൗണ്ട് പോരാട്ടത്തിൽ സെൽറ്റ വിഗോക്കെതിരെ നടന്ന മത്സരത്തിലാണ് മെസ്സി ബാഴ്‌സക്ക് വേണ്ടി അവസാനമായി വല ചലിപ്പിച്ചത്.മത്സരത്തിന്റെ 27-ആം മിനുട്ടിൽ ബുസ്ക്കെറ്റ്സിന്റെ പാസിൽ നിന്ന് ഒരു ഹെഡറിലൂടെയാണ് മെസ്സി വല കുലുക്കിയത്. ആ ഗോളിലൂടെ ബാഴ്‌സ ലീഡ് നേടിയെങ്കിലും രണ്ടെണ്ണം തിരിച്ചടിച്ച് കൊണ്ട് ബാഴ്‌സയെ സെൽറ്റ വിഗോ പരാജയപ്പെടുത്തുകയായിരുന്നു.
അതിന് ശേഷം അവസാനമത്സരത്തിൽ റൗണ്ടിൽ ബാഴ്‌സ എയ്ബറിനെതിരെ വിജയം നേടിയെങ്കിലും മെസ്സി ആ മത്സരം കളിച്ചിരുന്നില്ല. താരത്തിന് വിശ്രമം അനുവദിക്കുകയായിരുന്നു. പിന്നീട് ഈ സീസണിൽ നടന്ന പ്രീ സീസൺ മത്സരങ്ങൾ ഒന്നും തന്നെ മെസ്സി ബാഴ്‌സക്കായി കളിച്ചിരുന്നില്ല. പക്ഷേ ലാലിഗയിലെ മികച്ച ഗോൾവേട്ടക്കാരനുള്ള പിച്ചിച്ചി ട്രോഫി ഒരിക്കൽ കൂടി കരസ്ഥമാക്കി കൊണ്ടാണ് മെസ്സി ക്ലബ്ബിനോട് വിടപറയുന്നത്.