മെസ്സിയുടെ പിൻഗാമി,ബാലൺഡി’ഓർ നേടും : വിനീഷ്യസിനെ കുറിച്ച് ടെബാസ്.

റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർ താരമായ വിനീഷ്യസ് ജൂനിയർക്ക് വലൻസിയക്കെതിരെയുള്ള മത്സരത്തിനിടെ വലിയ രൂപത്തിലുള്ള വംശിയാധിക്ഷേപങ്ങൾ നേരിടേണ്ടി വന്നിരുന്നു. ഇതിനെതിരെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്. ലാലിഗയിൽ വംശീയത സാധാരണമാണ് എന്ന് വിനീഷ്യസ് ജൂനിയർ തുറന്നടിച്ച് പറയുകയായിരുന്നു. ഇതോടെ ലാലിഗ പ്രസിഡന്റായ ടെബാസിന് വലിയ വിമർശനങ്ങൾ കേൾക്കേണ്ടി വന്നു.വിനീഷ്യസിനെതിരെ പ്രതികരിച്ച രീതിയിൽ ടെബാസ് മാപ്പ് പറയുകയും ചെയ്തിരുന്നു.

എന്തായാലും വിനീഷ്യസിനെ അനുകൂലിച്ചുകൊണ്ട് നിരവധി കാര്യങ്ങൾ ഇപ്പോൾ ലാലിഗ പ്രസിഡണ്ടായ ഹവിയർ ടെബാസ് തുറന്നു പറഞ്ഞിട്ടുണ്ട്.അതായത് ലാലിഗയിലെ മെസ്സിയുടെ പിൻഗാമിയായി താൻ പരിഗണിച്ചു പോരുന്നത് വിനീഷ്യസിനെയാണെന്നും ഭാവിയിൽ ബാലൺഡി’ഓർ പുരസ്കാരം നേടാൻ വിനീഷ്യസിന് സാധിക്കുമെന്നുമാണ് ടെബാസ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ലയണൽ മെസ്സി എഫ്സി ബാഴ്സലോണ വിട്ട സമയത്ത് എന്നോട് ചോദിക്കപ്പെട്ട ഒരു കാര്യം,ആരായിരിക്കും ലാലിഗയിൽ മെസ്സിയുടെ പിൻഗാമിയായി കൊണ്ട് ഉണ്ടാവുക എന്നുള്ളതായിരുന്നു. ഞാൻ അന്നുതന്നെ മറുപടി നൽകിയതാണ് വിനീഷ്യസ് ജൂനിയർ എന്ന്. കാരണം അദ്ദേഹം വളരെ വ്യത്യസ്തനായ ഒരു താരമാണ്. അദ്ദേഹത്തിന്റെ കളിശൈലി സാധാരണ രൂപത്തിലുള്ള ഒന്നല്ല.മെസ്സി ക്ലബ്ബ് വിട്ടതിനുശേഷം ഞാൻ എപ്പോഴും മികച്ച താരമായി കൊണ്ട് ലാലിഗയിൽ പരിഗണിച്ചിരുന്നത് വിനീഷ്യസിനെയാണ്. അതുകൊണ്ടുതന്നെ പലരും എന്നെ ആ വിഷയത്തിൽ കുറ്റപ്പെടുത്തിയിട്ട് പോലുമുണ്ട്. ഞാൻ നേരത്തെ പറഞ്ഞിട്ടുള്ള കാര്യമാണ് ഭാവിയിൽ വിനീഷ്യസിന് ബാലൺഡി’ഓർ നേടാൻ സാധിക്കും എന്നത്.അദ്ദേഹം വളരെ പ്രധാനപ്പെട്ട ഒരു ആസ്തിയാണ്. അദ്ദേഹത്തിന്റെ ക്ലബ്ബിനും സ്പാനിഷ് ഫുട്ബോളിനും വിനീഷ്യസ് ഒരു അസറ്റ് തന്നെയാണ് “ഇതാണ് ടെബാസ് പറഞ്ഞിട്ടുള്ളത്.

ലാലിഗക്കെതിരെ വിനീഷ്യസ് വിമർശനം ഉന്നയിച്ച സമയത്ത് വിനീഷ്യസിനെ കുറ്റപ്പെടുത്താനായിരുന്നു ടെബാസ് ശ്രമിച്ചിരുന്നത്.ഇത് വലിയ വിവാദമായി. ബ്രസീൽ പ്രസിഡന്റ് ലുല പോലും ഇതിൽ ഇടപെട്ടു. ഇതോടെയാണ് ടെബാസ് താരത്തോട് മാപ്പ് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *