മെസ്സിയുടെ കാര്യത്തിൽ ആശങ്കയുണ്ട്, തുറന്ന് പറഞ്ഞ് കൂമാൻ!

കഴിഞ്ഞ ജൂൺ മുപ്പതിനായിരുന്നു സൂപ്പർ താരം ലയണൽ മെസ്സിയുടെ എഫ്സി ബാഴ്സലോണയുമായുള്ള കരാർ അവസാനിച്ചത്. ഇതോടെ താരം ഫ്രീ ഏജന്റായിട്ടിപ്പോൾ ദിവസങ്ങൾ പിന്നിട്ട് കഴിഞ്ഞു.മെസ്സിയുടെ കരാർ ഉടൻ പുതുക്കാൻ കഴിയുമെന്നാണ് ആരാധകരും ബാഴ്‌സയും പ്രസിഡന്റുമൊക്കെ വിശ്വസിക്കുന്നത്. എന്നാൽ മെസ്സി ഔദ്യോഗികമായി കരാർ പുതുക്കാത്തിടത്തോളം കാലം ആശങ്കപ്പെടേണ്ടതുണ്ടെന്ന് അറിയിച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് എഫ്സി ബാഴ്സലോണയുടെ പരിശീലകനായ റൊണാൾഡ് കൂമാൻ.മെസ്സി കരാർ പുതുക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ബാഴ്സക്കും ലാലിഗക്കും വളരെ പ്രധാനപ്പെട്ട താരമാണ് മെസ്സിയെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.സ്പാനിഷ് മാധ്യമമായ എഎസ്സാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്.

” ഒരു പ്രശ്നം, അത്‌ പരിഹരിക്കപ്പെടാത്തിടത്തോളം കാലം അതിനെ കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കും. മെസ്സിയുടെ കാര്യത്തിലും അങ്ങനെയാണ്.ഈ പ്രശ്നം ബാഴ്‌സ പ്രസിഡന്റ്‌ പരിഹരിക്കുമെന്നുള്ള പൂർണ്ണ ആത്മവിശ്വാസത്തിലാണ് ഞാൻ.ലോകത്തിലെ ഏറ്റവും മികച്ച താരം തുടരേണ്ടത് ബാഴ്‌സക്കും അത്പോലെ ലാലിഗക്കും വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.മെസ്സി തുടരാൻ വേണ്ടി എല്ലാവരും പരിശ്രമിക്കേണ്ടതുണ്ട്.അദ്ദേഹത്തെ നിലനിർത്തുക എന്നുള്ളത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്.കഴിഞ്ഞ ദിവസം ഞാൻ ലാപോർട്ടയോട് സംസാരിച്ചിരുന്നു. അദ്ദേഹം ശാന്തമാവാനാണ് എന്നോട് പറഞ്ഞത്.എത്രയും പെട്ടന്ന് മെസ്സിയുമായി പുതിയ കരാറിൽ ഏർപ്പെടാനുള്ള ശ്രമങ്ങളാണ് അദ്ദേഹം നടത്തി കൊണ്ടിരിക്കുന്നത്.അദ്ദേഹം കുറച്ചു വർഷം കൂടി ബാഴ്സയിൽ തുടരുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് ” കൂമാൻ പറഞ്ഞു. കോപ്പ അമേരിക്കക്ക്‌ ശേഷം മെസ്സി ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *