മെസ്സിയുടെ അവസ്ഥ വേദനിപ്പിക്കുന്നത്, സുവാരസ് പറയുന്നു !

കഴിഞ്ഞ ദിവസം നടന്ന ലാലിഗ മത്സരത്തിൽ എഫ്സി ബാഴ്സലോണയെ അത്ലെറ്റിക്കോ മാഡ്രിഡ്‌ എതിരില്ലാത്ത ഒരു ഗോളിന് തകർത്തു വിട്ടിരുന്നു.മത്സരത്തിൽ കരാസ്ക്കോ നേടിയ ഗോളിന്റെ ബലത്തിലായിരുന്നു അത്ലെറ്റിക്കോ മാഡ്രിഡ്‌ വിജയം കരസ്ഥമാക്കിയത്. സിമിയോണി പരിശീലകനായി ചുമതലയേറ്റ ശേഷം ഇതാദ്യമായാണ് അത്ലെറ്റിക്കോ മാഡ്രിഡ്‌ ബാഴ്‌സയോട് ലാലിഗയിൽ വിജയിക്കുന്നത്. സൂപ്പർ താരം സുവാരസിന്റെ അഭാവത്തിലും അത്ലെറ്റിക്കോ മാഡ്രിഡിന് വിജയം നേടാൻ സാധിച്ചു എന്നുള്ളത് സിമിയോണിക്ക്‌ ആശ്വാസകരമായ കാര്യമാണ്. കോവിഡ് ബാധിതനായ സുവാരസിന് തന്റെ മുൻ ടീമിനെതിരെ കളിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ തന്റെ ഉറ്റസുഹൃത്തായ ലയണൽ മെസ്സിയുടെ വേദനയിൽ പങ്കുചേർന്നിരിക്കുകയാണ് സുവാരസ്. ഇന്നലെ മുണ്ടോ ഡിപോർട്ടിവോക്ക്‌ നൽകിയ അഭിമുഖത്തിലാണ് മെസ്സിയുടെ നിലവിലെ സാഹചര്യം തനിക്ക് വേദനയുളവാക്കുന്നതാണെന്ന് സുവാരസ് തുറന്നു പറഞ്ഞത്.

” മെസ്സിയുടെ സുഹൃത്തും മുൻ സഹതാരവുമെന്ന നിലക്ക്, അദ്ദേഹത്തിന്റെ ഈ സാഹചര്യങ്ങൾ എന്നെ വേദനിപ്പിക്കുന്നതാണ്. ഒരു മനുഷ്യൻ എന്ന നിലയിൽ അതെന്നെ ആശങ്കപ്പെടുത്തുന്നു. എനിക്കറിയാം മെസ്സിക്ക് മുന്നോട്ട് പോവാനാകുമെന്നും കാര്യങ്ങളെ മാറ്റി മറിക്കാനാവുമെന്നും ” സുവാരസ് പറഞ്ഞു. നിലവിൽ മെസ്സി ബാഴ്സയിൽ എല്ലാം കൊണ്ടും പ്രതിസന്ധികൾ നേരിടുകയാണ് എന്ന് അദ്ദേഹം തന്നെ തുറന്നു പറഞ്ഞിരുന്നു. കുറ്റപ്പെടുത്തലുകൾ കേട്ട് തനിക്ക് മടുത്തു എന്നാണ് മെസ്സി ദിവസങ്ങൾക്ക്‌ മുമ്പ് മാധ്യമപ്രവർത്തകരോട് തുറന്നു പറഞ്ഞത്. താരം വരുന്ന ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്സ വിട്ടേക്കുമെന്നാണ് ഫുട്ബോൾ നിരീക്ഷകരുടെ കണക്കുകൂട്ടലുകൾ.

Leave a Reply

Your email address will not be published. Required fields are marked *