മെസ്സിയുടെ അഭാവത്തിൽ പുതിയ നായകൻമാരെ പ്രഖ്യാപിച്ച് ബാഴ്‌സ!
എഫ്സി ബാഴ്സലോണയുടെ ക്യാപ്റ്റനായിരുന്ന ലയണൽ മെസ്സി ക്ലബ്ബിനോട് വിടപറഞ്ഞിരുന്നു. കരാർ പുതുക്കാനാവാതെ വന്നതോടെയാണ് മെസ്സി ബാഴ്‌സ വിട്ടത്. ഇതോടെ പുതിയ സീസണിലേക്കുള്ള നായകൻമാരെ ബാഴ്‌സ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. സ്പാനിഷ് താരം സെർജിയോ ബുസ്ക്കെറ്റ്സാണ് ഇനി ബാഴ്‌സയുടെ ക്യാപ്റ്റന്റെ ആം ബാൻഡ് അണിയുക.33-കാരനായ ബുസ്ക്കെറ്റ്സ് 2008 മുതൽ എഫ്സി ബാഴ്സലോണ ടീമിലെ സ്ഥിരസാന്നിധ്യമാണ്.
𝒯𝒽ℯ 𝒞𝒶𝓅𝓉𝒶𝒾𝓃𝓈 pic.twitter.com/v5FoovCTHn
— FC Barcelona (@FCBarcelona) August 9, 2021
കഴിഞ്ഞ ജോയൻ ഗാമ്പർ ട്രോഫിയിൽ യുവന്റസിനെതിരെ ക്യാപ്റ്റന്റെ ആം ബാൻഡ് അണിഞ്ഞിരുന്നത് ബുസ്ക്കെറ്റ്സായിരുന്നു. മത്സരത്തിൽ ബാഴ്‌സ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് വിജയിക്കുകയും ചെയ്തു. അതേസമയം ബാഴ്‌സയുടെ രണ്ടാമത്തെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് ജെറാർഡ് പിക്വേയാണ്. ബുസ്ക്കെറ്റ്സിന്റെ അഭാവത്തിൽ ഇദ്ദേഹമാണ് ആം ബാൻഡ് അണിയുക. മൂന്നാം ക്യാപ്റ്റനായി ജോർഡി ആൽബയെയും നാലാം ക്യാപ്റ്റനായി സെർജി റോബെർട്ടോയെയുമാണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.2021/22 സീസണിലേക്കുള്ളത് മാത്രമാണിത്.ഏതായാലും ലയണൽ മെസ്സി എന്ന നായകന്റെ അഭാവം ബാഴ്‌സയിൽ പ്രതിഫലിച്ചു കാണുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.