മെസ്സിയും സുവാരസും ബെൻസിയുമല്ല, ലാലിഗയിൽ സമ്പൂർണ ആധിപത്യം പുലർത്തി അസ്പാസ് !

സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയോ ലൂയിസ് സുവാരസോ കരിം ബെൻസിമയോ അല്ല ഇത്തവണ ലാലിഗയിൽ മുന്നിൽ, മറിച്ച് സെൽറ്റ വിഗോയുടെ സൂപ്പർ താരമായ ഇയാഗോ അസ്പാസാണ്. ഗോളടിയുടെ കാര്യത്തിലും ഗോൾ അവസരങ്ങൾ ഒരുക്കിയ കാര്യത്തിലും ഒന്നാമൻ അസ്പാസ് തന്നെയാണ്. ഈ സീസണിൽ ഇതുവരെ ഒമ്പത് തവണയാണ് അസ്പാസ് എതിരാളികളുടെ വലയിൽ നിറയൊഴിച്ചത്. കഴിഞ്ഞ ദിവസം ഹുയസ്ക്കക്കെതിരെ നേടിയ ഗോളിലൂടെ മൂന്ന് സൂപ്പർ താരങ്ങളെ പിന്തള്ളികൊണ്ടാണ് അസ്പാസ് ഒന്നാമത് എത്തിയത്. എട്ട് ഗോളുകൾ നേടിയ കരിം ബെൻസിമ, ലൂയിസ് സുവാരസ്, ജെറാർഡ് മൊറീനോ എന്നിവരെയാണ് ഇദ്ദേഹം പിന്നിലാക്കിയത്. സൂപ്പർ താരം ലയണൽ മെസ്സി 7 ഗോളുകളുമായി പിന്നിലുണ്ട്. 7 ഗോളുകൾ നേടിയ റയൽ സോസിഡാഡ് താരം മികേൽ ഒയർസബാലും ടോപ് സ്‌കോറർ പട്ടികയിലുണ്ട്.

അതേസമയം അസിസ്റ്റിലും ഒന്നാമൻ അസ്പാസ് തന്നെയാണ്. 6 അസിസ്റ്റുകളാണ് താരം ഇതുവരെ സ്വന്തം പേരിൽ കുറിച്ചിട്ടുള്ളത്. അഞ്ച് അസിസ്റ്റുകൾ നേടിയ കരിം ബെൻസിമ, ജോർദി ആൽബ, എയ്ഞ്ചൽ കൊറേയ എന്നിവരാണ് അസ്പാസിന് പിറകിലുള്ളത്. ഈ ലാലിഗയിൽ സെൽറ്റ വിഗോ ആകെ നേടിയത് 22 ഗോളുകളാണ്. ഇതിൽ ഒൻപതും താരത്തിന്റെ വകയായിരുന്നു. അതായത് ടീമിന്റെ 41% ഗോളുകളും താരമാണ് നേടിയത്. അസിസ്റ്റിന്റെ കാര്യത്തിലേക്ക് വന്നാൽ ആറു അസിസ്റ്റുകൾ താരം നേടിയിട്ടുണ്ട്. അതായത് സെൽറ്റ വിഗോ നേടിയ 22 ഗോളുകളിൽ 15 എണ്ണത്തിലും ഇദ്ദേഹത്തിന്റെ പങ്കാളിത്തമുണ്ട്. ഇദ്ദേഹമില്ലാതെ ആകെ 7 ഗോളുകൾ മാത്രമാണ് സെൽറ്റ വിഗോ നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *