മെസ്സിയും സംഘവും നിറഞ്ഞാടി, ബാഴ്‌സക്ക് മുമ്പിൽ അലാവസ്‌ തകർന്നടിഞ്ഞു!

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ കരുത്തരായ എഫ്സി ബാഴ്സലോണക്ക് മിന്നുന്ന വിജയം. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ബാഴ്‌സ ഡിപോർട്ടിവോ അലാവസിനെ തകർത്തു വിട്ടത്. ഇരട്ടഗോളുകളുമായി മെസ്സി ബാഴ്‌സയെ മുന്നിൽ നിന്ന് നയിക്കുകയായിരുന്നു.രണ്ട് ഗോളുകൾ ട്രിൻക്കാവോ നേടിയപ്പോൾ ഒരു ഗോൾ ജൂനിയർ ഫിർപ്പോയുടെ വകയായിരുന്നു.ഇരട്ടഅസിസ്റ്റുകളുമായി അന്റോയിൻ ഗ്രീസ്മാനും മത്സരത്തിൽ തിളങ്ങി.ജയത്തോടെ ബാഴ്‌സ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തെത്തി.22 മത്സരങ്ങളിൽ നിന്ന് 46 പോയിന്റാണ് ബാഴ്‌സക്കുള്ളത്.21 മത്സരങ്ങളിൽ നിന്ന് 54 പോയിന്റുള്ള അത്ലെറ്റിക്കോ മാഡ്രിഡ്‌ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

മെസ്സി, ഗ്രീസ്‌മാൻ, ട്രിൻക്കാവോ എന്നിവരെയാണ് കൂമാൻ മുന്നേറ്റനിരയിൽ അണിനിരത്തിയത്.മത്സരത്തിന്റെ 29-ആം മിനുട്ടിലാണ് ട്രിൻക്കാവോയുടെ ഗോൾ വരുന്നത്.മോറിബയുടെ അസിസ്റ്റിൽ നിന്നാണ് താരം ഗോൾ കണ്ടെത്തിയത്.പിന്നാലെ 36-ആം മിനുട്ടിൽ മെസ്സി ഗോൾ നേടിയെങ്കിലും VAR മുഖാന്തരം ഓഫ്‌സൈഡ് വിധിക്കുകയായിരുന്നു.എന്നാൽ 45-ആം മിനുട്ടിൽ ബോക്സിന് വെളിയിൽ നിന്നുള്ള ഒരു ഷോട്ടിലൂടെ മെസ്സി വലകുലുക്കി. ബുസ്ക്കെറ്റ്സ് ആയിരുന്നു ഈ ഗോളിന് വഴിയൊരുക്കിയത്.57-ആം മിനിറ്റിൽ ലൂയിസ് ഒരു ഗോൾ മടക്കി.എന്നാൽ 74-ആം മിനിറ്റിൽ മെസ്സിയുടെ അസിസ്റ്റിൽ നിന്ന് ട്രിൻക്കാവോ ഗോൾ കണ്ടെത്തി.75-ആം മിനിറ്റിൽ വീണ്ടും ബാഴ്‌സ നിറയൊഴിച്ചു. ഗ്രീസ്മാന്റെ അസിസ്റ്റിൽ നിന്ന് മെസ്സിയാണ് ഗോൾ നേടിയത്. ബോക്സിന് വെളിയിൽ നിന്നും കണ്ണഞ്ചിപ്പിക്കുന്ന ഒരു ഷോട്ടിലൂടെയാണ് മെസ്സി ഈ ഗോൾ കണ്ടെത്തിയത്.80-ആം മിനിറ്റിൽ ഗ്രീസ്‌മാന്റെ പാസിൽ നിന്ന് ഫിർപ്പോ കൂടി ഗോൾ നേടിയതോടെ ഗോൾ പട്ടിക പൂർത്തിയായി.

Leave a Reply

Your email address will not be published. Required fields are marked *