മെസ്സിയും ഗ്രീസ്‌മാനും തമ്മിൽ പ്രശ്നങ്ങളുണ്ടോ? തന്റെ അനുഭവം വെളിപ്പെടുത്തി മുൻ സഹതാരം !

സൂപ്പർ താരം ലയണൽ മെസ്സിയും അന്റോയിൻ ഗ്രീസ്‌മാനും തമ്മിൽ പ്രശ്നങ്ങളുണ്ട് എന്നുള്ളത് പൊതുവെ സാമൂഹികമാധ്യമങ്ങളിൽ സംസാരിക്കുന്ന ഒരു വിഷയമാണ്. പ്രത്യക്ഷത്തിൽ ഇരുവരും തമ്മിൽ ഒരു പ്രശ്നവുമില്ലെങ്കിലും പരോക്ഷമായി പ്രശ്നങ്ങളുണ്ട് എന്നാണ് പലരുടെയും വാദം. പുതുതായി ഗ്രീസ്‌മാന്റെ മുൻ ഏജന്റും, താരത്തിന്റെ അമ്മാവനും, മുൻ ഫ്രഞ്ച് താരവുമൊക്കെ ഇക്കാര്യത്തിൽ മെസ്സിക്കെതിരെ ആഞ്ഞടിച്ചിരുന്നു. എന്നാൽ അതിന് പിന്നാലെ ഗ്രീസ്‌മാൻ മെസ്സിക്കൊപ്പം നിൽക്കുന്ന ഒരു ചിത്രം പങ്കുവെച്ച് കൊണ്ട് ഒരു പ്രശ്നവുമില്ലെന്ന് പറയാതെ പറഞ്ഞിരുന്നു. ഏതായാലും ഈ വിഷയത്തിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ് ഇരുവരുടെയും മുൻസഹതാരമായ ഇവാൻ റാക്കിറ്റിച്ച്. ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു താരം ബാഴ്‌സയിൽ നിന്നും തിരികെ സെവിയ്യയിലേക്ക് മടങ്ങിയത്.

” അവർ രണ്ട് പേരും നല്ല രീതിയിൽ സുഹൃത്തുക്കളായി കഴിഞ്ഞു പോവുന്നതാണ് ഞാൻ ഇതുവരെ കണ്ടിട്ടുള്ളത്. ഞാനും ഇരുവരോടൊപ്പം നല്ല രീതിയിൽ തന്നെയായിരുന്നു. അവർ രണ്ട് പേരും ഡ്രിങ്ക്മേറ്റുകളാണ്. ഡ്രസിങ് റൂമിൽ ഒന്നിച്ച് ഒരുപാട് സമയം ഇരുവരും ചിലവഴിക്കാറുണ്ട്. രണ്ട് പേരും ഒരുമിച്ച് കൊണ്ട് ഗോളുകൾ നേടിതുടങ്ങിയാൽ പിന്നെ ഈ വക സംസാരങ്ങൾ ഒന്നും തന്നെ ഉണ്ടാവുകയില്ല. ബാഴ്സയെ പോലെയൊരു ടീമിൽ ഇരുവരും ഒന്നിച്ചു കളിക്കുമ്പോൾ അതാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. എനിക്ക് അവരുടെ കാര്യത്തിൽ ഒരു വേവലാതിയുമില്ല. അവർ രണ്ടു പേരും അസാമാന്യരായ വ്യക്തികളാണ്. ഞാൻ അവർക്ക്‌ എല്ലാ വിധ ആശംസകളും നേരുന്നു ” റാക്കിറ്റിച്ച് എൽ പേലോറ്റാസയോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *