മെസ്സിയും ഇനിയേസ്റ്റയും തിരിച്ചെത്തുമോ? ലാപോർട്ട പറയുന്നു!
എഫ്സി ബാഴ്സലോണയുടെ പരിശീലകസ്ഥാനത്തേക്ക് ഇതിഹാസതാരമായിരുന്ന സാവിയെ ക്ലബ് കൊണ്ടു വന്നിരുന്നു. പുറമേ ബാഴ്‌സയുടെ മുൻ സൂപ്പർ താരമായിരുന്ന ഡാനി ആൽവെസും ക്ലബ്ബിൽ തിരിച്ചെത്തിയിരുന്നു. ഇതോടെ ക്ലബ്ബിന്റെ ഇതിഹാസങ്ങളായ ലയണൽ മെസ്സിയും ആൻഡ്രസ് ഇനിയേസ്റ്റയും ക്ലബ്ബിൽ തിരിച്ചെത്തിയേക്കുമെന്നുള്ള റൂമറുകൾ പരന്നിരുന്നു.
ഈ കിംവദന്തികളെ കുറിച്ചുള്ള തന്റെ അഭിപ്രായമിപ്പോൾ എഫ്സി ബാഴ്സലോണയുടെ പ്രസിഡന്റായ ജോയൻ ലാപോർട്ട അറിയിച്ചിട്ടുണ്ട്. അതായത് താൻ ഒന്നിനെയും തള്ളികളയുന്നില്ലെന്നും ഭാവിയിൽ എന്താണ് സംഭവിക്കുക എന്നുള്ളതിനെ കുറിച്ച് നമുക്കൊന്നുമറിയില്ല എന്നുമാണ് ലാപോർട്ട അറിയിച്ചത്. ഡാനി ആൽവെസിന്റെ പ്രസന്റെഷൻ വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Messi & Iniesta Barcelona returns not ruled out by president Laporta https://t.co/Ihk6rCX0sP
— Murshid Ramankulam (@Mohamme71783726) November 18, 2021
” ഞാൻ ഒന്നിനെയും തള്ളികളയുന്നില്ല.ഡാനിയുടെ കാര്യത്തിൽ ഇത് സംഭവിച്ചു. മാത്രമല്ല പ്രായം എന്നുള്ളത് വെറും അക്കം മാത്രമാണ്.അവർ രണ്ട് പേരും മികച്ച താരങ്ങളാണ്.നാളെ എന്താണ് സംഭവിക്കുക എന്നുള്ളത് എനിക്ക് പ്രവചിക്കാനാവില്ല.അവർ ഇപ്പോഴും കളിച്ചു കൊണ്ടിരിക്കുന്ന താരങ്ങളാണ്. അവർക്ക് മറ്റു ക്ലബുകളുമായി കരാറുമുണ്ട്.ജീവിതത്തിൽ എന്തൊക്കെ സംഭവിക്കുമെന്നുള്ളത് നമുക്കറിയാത്ത കാര്യമാണ് ” ലാപോർട്ട പറഞ്ഞു.
അതേസമയം മെസ്സിയും ഇനിയേസ്റ്റയും ബാഴ്‌സയിലേക്ക് മടങ്ങാനുള്ള ആഗ്രഹം ഈയിടെ പ്രകടിപ്പിച്ചിരുന്നു. ഏതെങ്കിലുമൊരു റോളിൽ ബാഴ്‌സയിൽ ഭാവിയിൽ മടങ്ങിയെത്താനാണ് ഇരുവരും ആഗ്രഹിക്കുന്നത്.