മെസ്സിയിൽ താല്പര്യം പ്രകടിപ്പിച്ച ക്ലബുകളെ പരിഹസിച്ച് ലപോർട്ട!

സൂപ്പർ താരം ലയണൽ മെസ്സിയുടെ ഭാവിയെ പറ്റിയുള്ള ചർച്ചകൾ വളരെ വലിയ തോതിൽ ഫുട്ബോൾ ലോകത്ത് അരങ്ങേറി കൊണ്ടിരിക്കുകയാണ്. അടുത്ത സീസണിൽ മെസ്സി ബാഴ്‌സയിൽ തന്നെയുണ്ടാവുമോ അതോ സിറ്റിയിലോ പിഎസ്ജിയിലോ കാണുമോ എന്നുള്ളതാണ് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യം. അതേസമയം മെസ്സിയിൽ താല്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയ ക്ലബുകളെ പരിഹസിച്ചിരിക്കുകയാണ് ബാഴ്സ പ്രസിഡന്റ്‌ സ്ഥാനാർത്ഥി ജോൺ ലപോർട്ട. പിഎസ്ജി, മാഞ്ചസ്റ്റർ സിറ്റി എന്നീ ക്ലബുകളെയാണ് ഇദ്ദേഹം പരിഹസിച്ചത്. വ്യവസായികളുടെയും മറ്റു രാജ്യങ്ങളുടെയും പിന്തുണയുള്ളവരുമാണ് മെസ്സിക്ക് ഓഫർ നൽകിയിരിക്കുന്നത് എന്നാണ് ഇദ്ദേഹം പരിഹാസരൂപേണ പറഞ്ഞത്. പണത്തിന് ബുദ്ധിമുട്ടില്ലാത്ത ക്ലബുകളാണ് ഇവരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖത്തർ പിന്തുണയുള്ള പിഎസ്ജിയും യുഎഇ പിന്തുണയുള്ള മാഞ്ചസ്റ്റർ സിറ്റിയെയുമാണ് ഇദ്ദേഹം ലക്ഷ്യം വെച്ചത്.

” ആ ക്ലബുകളെ എതിർത്ത് നിൽക്കുക എന്നുള്ളത് എളുപ്പമുള്ള കാര്യമല്ല.കാരണം അദ്ദേഹത്തിന് ഓഫർ ലഭിച്ചിരിക്കുന്നത് പണത്തിന് ഒരു ബുദ്ധിമുട്ടുമില്ലാത്ത ക്ലബുകളിൽ നിന്നാണ്. ആ ക്ലബുകൾക്ക്‌ പിന്നിൽ വ്യവസായികളും മറ്റു രാജ്യങ്ങളുമാണ്.മെസ്സി ബാഴ്‌സയിൽ വളരെ നല്ല രീതിയിലാണ് ഇപ്പോൾ തുടർന്ന് പോവുന്നത്.അതെനിക്ക് ബോധ്യമുണ്ട്.അദ്ദേഹത്തിന് ബാഴ്‌സയിൽ തുടരുക തന്നെ വേണം. അതെനിക്കറിയാം..അദ്ദേഹം ബാഴ്സയെ ഒരുപാട് സ്നേഹിക്കുന്നുണ്ട്.അദ്ദേഹം എന്നോട് സംസാരിക്കുന്ന സമയത്തെ ഞാൻ ഒരു ബഹുമാനത്തോടെയാണ് കാണാറുള്ളത് ” ലപോർട്ട പറഞ്ഞു. പ്രസിഡന്റാവാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്ന ഒരാളാണ് ലപോർട്ട.

Leave a Reply

Your email address will not be published. Required fields are marked *