മെസ്സിയില്ലാത്ത ബാഴ്‌സയെ വിചിത്രമായി തോന്നുന്നു, തുറന്ന് പറഞ്ഞ് ഡെസ്റ്റ്!

17 വർഷത്തിന് ശേഷം ഇതാദ്യമായാണ് എഫ്സി ബാഴ്സലോണ മെസ്സി ഇല്ലാതെ കളിക്കാനൊരുങ്ങുന്നത്. ബാഴ്‌സയെ സംബന്ധിച്ചിടത്തോളം മെസ്സിയുടെ വിടവ് നികത്തുക എന്നുള്ളത് വലിയ വെല്ലുവിളിയായിരിക്കും. എന്നിരുന്നാലും പുതിയ സീസണിൽ നല്ല രൂപത്തിൽ തന്നെ മുന്നോട്ട് പോവാമെന്ന പ്രതീക്ഷയിലാണ് ബാഴ്‌സയുള്ളത്. അതേസമയം മെസ്സിയില്ലാത്ത ബാഴ്‌സയെ കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ പങ്കു വെച്ചിരിക്കുകയാണിപ്പോൾ ടീം അംഗമായ സെർജിനോ ഡെസ്റ്റ്. മെസ്സിയില്ലാത്ത ബാഴ്‌സയെ ഒരല്പം വിചിത്രമായി തോന്നുന്നുവെന്നും ഇനി മുതൽ ബാഴ്‌സ താരങ്ങൾക്ക്‌ അവരുടെ ജോലിഭാരം അധികമാവുമെന്നുമാണ് ഡെസ്റ്റ് അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം ഇസ്പിഎന്നിനോട് സംസാരിക്കുന്ന വേളയിൽ അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.

” മെസ്സി ബാഴ്‌സ വിടുന്നു എന്നറിഞ്ഞപ്പോൾ ഞാൻ ശരിക്കും ഞെട്ടിപ്പോയി.എന്തെന്നാൽ അദ്ദേഹം ക്ലബ്ബിൽ തുടരണം എന്നായിരുന്നു എല്ലാവരും ആഗ്രഹിച്ചിരുന്നത്.ലോകത്തിലെ ഏറ്റവും മികച്ച താരമാണ് അദ്ദേഹം.അദ്ദേഹത്തിന്റെ വിടവാങ്ങൽ എല്ലാവരെയും ഞെട്ടിച്ചിരുന്നു.ഇനി എല്ലാ താരങ്ങൾക്കും ജോലിഭാരം കുറച്ചധികമുണ്ടാവും. എന്തെന്നാൽ മെസ്സിയായിരുന്നു കാര്യങ്ങൾ എളുപ്പമാക്കി തന്നിരുന്നത്.ലോകത്തിലെ ഏറ്റവും മികച്ച താരത്തെയാണിപ്പോൾ ഞങ്ങൾക്ക്‌ നഷ്ടമായിരിക്കുന്നത്.പക്ഷേ ഞങ്ങൾ ടീം ഒന്നടങ്കം നല്ല രൂപത്തിൽ കളിച്ചാൽ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയുമെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.പരിശീലനത്തിലും കളത്തിനകത്തും അദ്ദേഹം അവിശ്വസനീയമായ കാര്യങ്ങളായിരുന്നു ചെയ്തിരുന്നത്.പരിശീലനത്തിൽ ഗോളുകൾ നേടുന്ന അതേ രൂപത്തിൽ തന്നെയാണ് അദ്ദേഹം മത്സരത്തിലും ഗോളുകൾ നേടാറുള്ളത്. പലപ്പോഴും അത് വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ള ഒന്നായിരുന്നു.ഞങ്ങളുടെ എല്ലാവരുടെയും ഹൃദയത്തിലാണ് അദ്ദേഹത്തിന്റെ സ്ഥാനം.ദീർഘകാലം അദ്ദേഹം കളിച്ച ക്ലബാണ് ബാഴ്‌സ. അത്കൊണ്ട് തന്നെ അദ്ദേഹം ഇല്ലാത്ത ബാഴ്‌സയെ ഒരല്പം വിചിത്രമായി തോന്നുന്നു.ജീവിതത്തിലെ ഭൂരിഭാഗം സമയവും ചിലവഴിച്ച ക്ലബിൽ നിന്നാണ് അദ്ദേഹം പെട്ടന്ന് പോയത്.എന്തൊക്കെയായാലും ഞങ്ങൾ മുന്നോട്ട് പോയെ മതിയാവൂ ” ഇതാണ് ഡെസ്റ്റ് പറഞ്ഞത്. മെസ്സിയുടെ അഭാവത്തിലും ബാഴ്‌സ നല്ല രീതിയിൽ മുന്നോട്ട് പോകുമെന്നുള്ള പ്രതീക്ഷയിൽ തന്നെയാണ് ആരാധകരും.

Leave a Reply

Your email address will not be published. Required fields are marked *