മെസ്സിയില്ലാത്ത ബാഴ്സ വിചിത്രം,തിരിച്ചെത്തിയാൽ നല്ല പോലെ നോക്കണമെന്ന് ക്ലബ്ബിനോട് ആൽവെസ്!

ഈ കഴിഞ്ഞ സമ്മറിലായിരുന്നു ദീർഘകാലത്തെ ബാഴ്സ കരിയറിന് വിരാമമിട്ടുകൊണ്ട് സൂപ്പർ താരം ലയണൽ മെസ്സി പിഎസ്ജിയിലേക്ക് ചേക്കേറിയത്.നിലവിൽ മെസ്സിയില്ലാതെയാണ് ബാഴ്സ മുന്നോട്ട് പോകുന്നത്.അതേസമയം മെസ്സിയുടെ മുൻ സഹ താരമായിരുന്ന ഡാനി ആൽവെസ് ഒരിടവേളക്ക് ശേഷം 38ആമത്തെ വയസ്സിൽ ബാഴ്സയിലേക്ക് തിരിച്ചെത്തുകയും ചെയ്തിരുന്നു.

ഏതായാലും മെസ്സി ഇല്ലാത്ത ബാഴ്സയെ പറ്റിയുള്ള തന്റെ അഭിപ്രായങ്ങൾ ഇപ്പോൾ ഡാനി ആൽവസ് പങ്കുവെച്ചിട്ടുണ്ട്.മെസ്സിയില്ലാത്ത ബാഴ്സ വിചിത്രമാണ് എന്നാണ് ഡാനി അറിയിച്ചിട്ടുള്ളത്.മെസ്സി ബാഴ്സയിൽ തിരിച്ചെത്തി കരിയർ പൂർത്തിയാക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും അങ്ങനെ മെസ്സി ബാഴ്സയിൽ മടങ്ങിയെത്തിയാൽ നല്ല പോലെ നോക്കണമെന്നും ഡാനി ആൽവസ് ബാഴ്സയെ ഉപദേശിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം കാറ്റലൂണിയ റേഡിയോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

” ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ് മെസ്സി.അദ്ദേഹം ഇല്ലാത്ത ബാഴ്സ ഒരല്പം വിചിത്രമായി തോന്നുന്നുണ്ട്.ചില സമയങ്ങളിൽ നമ്മൾ സ്വപ്നം കണ്ട പോലെ കാര്യങ്ങൾ നടക്കാറില്ല.ബാഴ്സയെക്കാൾ മികച്ച ഒരു സ്ഥലത്തേക്ക് പോവാൻ കഴിയില്ല എന്നുള്ള കാര്യം ഞാൻ അദ്ദേഹത്തോട് മുമ്പ് തന്നെ പറഞ്ഞിരുന്നു.ഇതേ കാര്യം ബാഴ്സ വിട്ട സമയത്ത് അദ്ദേഹം എന്നോടും പറഞ്ഞിരുന്നു.മെസ്സി ബാഴ്സയിൽ തന്നെ തന്റെ കരിയർ പൂർത്തിയാക്കുകയാണെങ്കിൽ അതൊരു നല്ല കാര്യമായിരിക്കും. അങ്ങനെ സാധിച്ചാൽ മെസ്സിക്ക് അതൊരു ഗിഫ്റ്റ് ആയിരിക്കും. മെസ്സി ക്ലബ്ബിലേക്ക് തിരിച്ചെത്തിയാൽ ബാഴ്സ അദ്ദേഹത്തെ നല്ലപോലെ നോക്കേണ്ടതുണ്ട് ” ഡാനി പറഞ്ഞു.

2004 മുതൽ 2021 വരെയാണ് മെസ്സി ബാഴ്സക്ക് വേണ്ടി കളിച്ചിട്ടുള്ളത്.672 ഗോളുകൾ നേടിയ താരം 35 കിരീട നേട്ടങ്ങളിലും പങ്കാളിയായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *