മെസ്സിക്ക് വേണ്ടി സൂപ്പർതാരത്തെ ഒഴിവാക്കേണ്ട, നിലപാട് വ്യക്തമാക്കി സാവി.

ലയണൽ മെസ്സിയെ തിരികെ കൊണ്ടുവരണമെങ്കിൽ ബാഴ്സക്ക് ഇനിയും ഒരുപാട് കടമ്പകൾ മറികടക്കാനുണ്ട്. ബാഴ്സയുടെ സാലറി ബിൽ 200 മില്യൻ യൂറോയിലേക്ക് എത്തിക്കേണ്ടതുണ്ട്. മാത്രമല്ല താരങ്ങളെ കൈമാറിക്കൊണ്ട് ചുരുങ്ങിയത് 100 മില്യൺ യൂറോയെങ്കിലും സമാഹരിക്കേണ്ടതുണ്ട്. എന്നാൽ മാത്രമാണ് ലയണൽ മെസ്സിയെ തിരികെ എത്തിക്കൽ ബാഴ്സക്ക് സാധ്യമാവുകയുള്ളൂ.

സെർജിയോ ബുസ്ക്കെറ്റ്സ് ക്ലബ്ബ് വിടാൻ തീരുമാനിച്ചത് കൊണ്ട് സാലറി ബില്ലിൽ വലിയ കുറവ് സംഭവിച്ചിട്ടുണ്ട്. ജോർഡി ആൽബയെ കൂടി ഒഴിവാക്കുകയാണെങ്കിൽ ബാഴ്സക്ക് കാര്യങ്ങൾ എളുപ്പമാവും. ഇതിനുപുറമേ ബ്രസീലിയൻ സൂപ്പർതാരമായ റാഫിഞ്ഞയെ ബാഴ്സ ഒഴിവാക്കും എന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകൾ ആയ ചെൽസി,ന്യൂകാസിൽ യുണൈറ്റഡ് എന്നിവർ ഈ ബ്രസീലിയൻ സൂപ്പർതാരത്തിൽ താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

ഏകദേശം 80 മില്യൺ യൂറോയോളം താരത്തെ കൈമാറിക്കൊണ്ട് നേടാൻ കഴിയും എന്ന പ്രതീക്ഷയിലായിരുന്നു ബാഴ്സ ഉണ്ടായിരുന്നത്. പക്ഷേ ക്ലബ്ബിന്റെ ആ നീക്കത്തിന് അവരുടെ പരിശീലകനായ സാവി തന്നെ തടയിട്ടിട്ടുണ്ട്. അതായത് റാഫിഞ്ഞയെ ഒഴിവാക്കേണ്ടതില്ല എന്നുള്ള നിലപാട് സാവി ബാഴ്സയെ അറിയിച്ചിട്ടുണ്ട്. പ്രമുഖ സ്പാനിഷ് മാധ്യമമായ AS ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഈ സീസണിൽ പ്രതീക്ഷിച്ച രൂപത്തിലേക്ക് ഉയരാൻ കഴിഞ്ഞിട്ടില്ലെങ്കിലും റാഫീഞ്ഞ മോശമല്ലാത്ത രൂപത്തിൽ കളിച്ചിട്ടുണ്ട്. പക്ഷേ താരത്തിന് ഇനിയും അവസരങ്ങൾ കൂടുതൽ നൽകാം എന്നുള്ള ഒരു തീരുമാനത്തിലാണ് സാവിയുള്ളത്. പ്രത്യേകിച്ച് പലപ്പോഴും ഡെമ്പലെ പരിക്കിന്റെ പിടിയിൽ ആവുന്നതിനാൽ റാഫീഞ്ഞയുടെ സാന്നിധ്യം ബാഴ്സയുടെ പരിശീലകന് അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ റാഫിഞ്ഞയെ നിലനിർത്താൻ തന്നെയാണ് സാവിയുടെ തീരുമാനം. ബാഴ്സ ഇതിന് വിപരീതമായി എന്തെങ്കിലും ചെയ്യുമോ എന്നുള്ളത് കണ്ടറിയേണ്ട കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *