മെസ്സിക്ക് വേണ്ടി പിഎസ്ജി വിടാനൊരുങ്ങിയിരുന്നു : വെളിപ്പെടുത്തലുമായി ഡി മരിയ

നിലവിൽ പിഎസ്ജിക്ക് വേണ്ടി കളിച്ചു കൊണ്ടിരിക്കുന്ന അർജന്റൈൻ സൂപ്പർ താരങ്ങളാണ് ലയണൽ മെസ്സിയും എയ്ഞ്ചൽ ഡി മരിയയും. കഴിഞ്ഞ ട്രാൻസ്ഫറിൽ മെസ്സി പിഎസ്ജിയിൽ എത്തിയതോട് കൂടിയാണ് ഇരുവരും ക്ലബ് തലത്തിൽ ആദ്യമായി ഒന്നിച്ചത്.

അതേസമയം മുമ്പൊരിക്കൽ മെസ്സിക്ക് വേണ്ടി പിഎസ്ജി വിടുന്നതിന്റെ തൊട്ടരികിൽ താൻ എത്തിയിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ എയ്ഞ്ചൽ ഡി മരിയ.അന്ന് മെസ്സിക്കൊപ്പം കളിക്കാൻ വേണ്ടി ബാഴ്‌സയിലേക്ക് ചേക്കേറാനായിരുന്നു തന്റെ പദ്ധതിയെന്നും ഡി മരിയ കൂട്ടിച്ചേർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ TNT സ്‌പോർട്സ് അർജന്റീന റിപ്പോർട്ട്‌ ചെയ്യുന്നത് ഇങ്ങനെയാണ്.

“ഞാനൊരിക്കൽ ബാഴ്‌സയിൽ എത്തുന്നതിന്റെ തൊട്ടരികിൽ എത്തിയിരുന്നു.പക്ഷേ മെസ്സി അവിടെ കളിക്കുന്നുണ്ടെങ്കിൽ മാത്രമായിരുന്നു ഞാൻ അവിടേക്ക് ചേക്കേറുക. പിന്നീട് മെസ്സി ഇങ്ങോട്ട് വരുന്നു എന്ന് കേട്ടപ്പോൾ ഞാൻ വളരെയധികം സന്തോഷിച്ചു.എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും മികച്ച കാര്യമാണിത്.മെസ്സിക്കൊപ്പം കളിക്കുക എന്നുള്ളത് എന്നും എന്റെ സ്വപ്നമാണ്.ഏഴ് ബാലൺ ഡി’ഓറുകൾ നേടിയ മഹാത്ഭുതമാണ് അദ്ദേഹം ” ഇതാണ് ഡി മരിയ പറഞ്ഞത്.

അതേസമയം പിഎസ്ജിയിൽ താൻ ഹാപ്പിയാണെന്നും ഇവിടെ തന്നെ തുടരാൻ താൻ ആഗ്രഹിക്കുന്നുവെന്നും ഡി മരിയ അറിയിച്ചിട്ടുണ്ട്.ഈ സീസണോട് കൂടിയാണ് ഡി മരിയയുടെ പിഎസ്ജിയുമായുള്ള കരാർ അവസാനിക്കുക.

Leave a Reply

Your email address will not be published. Required fields are marked *