മെസ്സിക്ക് വേണ്ടി കാത്തുനിൽക്കുന്ന മറ്റൊരു താരവും ബാഴ്സ വിടുമോ? സാധ്യതകൾ വർദ്ധിക്കുന്നു.

സൂപ്പർ താരം ലയണൽ മെസ്സിയെ തിരികെ എത്തിക്കണമെങ്കിൽ ബാഴ്സക്ക് ഒരുപാട് കടമ്പകൾ കടക്കേണ്ടതുണ്ട്. തങ്ങളുടെ സാലറി ബില്ലിൽ ഗണ്യമായ കുറവ് വരുത്തേണ്ടതുണ്ട്. മാത്രമല്ല താരങ്ങളുടെ വില്പനയിലൂടെ ചുരുങ്ങിയത് 100 മില്യൺ യൂറോയെങ്കിലും സമാഹരിക്കേണ്ടതുണ്ട്. ഇങ്ങനെയൊക്കെ ചെയ്താൽ മാത്രമാണ് ബാഴ്സക്ക് സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ സാധിക്കുകയുള്ളൂ.

ലയണൽ മെസ്സിയുടെ അടുത്ത സുഹൃത്തും ബാഴ്സ ഇതിഹാസവുമായ സെർജിയോ ബുസ്ക്കെറ്റ്സ് ക്ലബ്ബ് വിടുന്ന കാര്യം ഒഫീഷ്യലായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. മെസ്സി വരികയാണെങ്കിൽ ക്ലബ്ബിൽ തുടരാം എന്ന നിലപാടിലായിരുന്നു താരം ഉണ്ടായിരുന്നത്. എന്നാൽ മെസ്സിക്ക് വേണ്ടി കൂടുതൽ കാത്തുനിൽക്കാതെ താരം ക്ലബ് വിടുകയായിരുന്നു.ബുസ്ക്കെറ്റ്സ് ക്ലബ്ബ് വിട്ടതോടുകൂടി മെസ്സിയെ തിരികെ എത്തിക്കാനുള്ള വാതിലുകൾ ബാഴ്സക്ക് മുന്നിൽ തുറന്നു എന്നായിരുന്നു ലാലിഗ പ്രസിഡന്റ് പറഞ്ഞിരുന്നത്.

ലയണൽ മെസ്സിക്കൊപ്പം കളിക്കാൻ ആഗ്രഹിക്കുന്ന മറ്റൊരു താരമാണ് ജോർദി ആൽബ.2024 വരെയാണ് അദ്ദേഹത്തിന് കോൺട്രാക്ട് ഉള്ളത്. ബാഴ്സയിൽ തന്നെ തുടരാനാണ് അദ്ദേഹം ആഗ്രഹിക്കുന്നതെങ്കിലും അദ്ദേഹത്തിന് ചിലപ്പോൾ ക്ലബ്ബ് വിടേണ്ടിവന്നേക്കും. അതായത് സാലറി ബിൽ കുറക്കുന്നതിന്റെ ഭാഗമായി കൊണ്ട് ജോർദി ആൽബയെ ബാഴ്സ ഒഴിവാക്കാൻ സാധ്യതയുണ്ട്. പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഒന്നുകിൽ ജോർഡി ആൽബ തന്റെ സാലറി ഗണ്യമായി കുറയ്ക്കേണ്ടി വരും.അല്ലെങ്കിൽ അദ്ദേഹം ക്ലബ്ബ് വിടേണ്ടി വരും. ബാഴ്സയുടെ പ്രസിഡന്റായ ജോയൻ ലാപോർട്ടയുമായി ഈയിടെ ആൽബ ഒരു ചർച്ച നടത്തിയിരുന്നു. അദ്ദേഹത്തിന്റെ ഭാവിയെ കുറിച്ചാണ് സംസാരിച്ചതെങ്കിലും തീരുമാനങ്ങൾ ഒന്നും എടുത്തിട്ടില്ല. ബാഴ്സയിൽ ഏറ്റവും കൂടുതൽ സാലറി കൈപ്പറ്റുന്നത് താരങ്ങളിൽ ഒരാൾ കൂടിയാണ് ആൽബ. ലയണൽ മെസ്സിയെ തിരികെ എത്തിക്കണമെങ്കിൽ ആൽബയും എന്തെങ്കിലുമൊക്കെ അഡ്ജസ്റ്റ്മെന്റ് ചെയ്യൽ അത്യാവശ്യമായ കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *