മെസ്സിക്ക് റെഡ് കാർഡ്, കിരീടം കൈവിട്ട് ബാഴ്സ !

ഇന്നലെ സൂപ്പർ കോപ്പയിൽ നടന്ന ഫൈനലിൽ ബാഴ്സക്ക്‌ തോൽവി. അത്‌ലെറ്റിക്കോ ബിൽബാവോയോടാണ് ബാഴ്സ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക്‌ പരാജയം രുചിച്ചത്. ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് ബാഴ്‌സ കിരീടം കൈവിട്ടത്. സൂപ്പർ താരം ലയണൽ മെസ്സി റെഡ് കാർഡ് കണ്ടു പുറത്ത് പോയതും ബാഴ്‌സക്ക്‌ തിരിച്ചടിയായി. ഇതോടെ ലാലിഗയിൽ ഏറ്റ തോൽവിക്ക്‌ പകരം ചോദിക്കാനും അത്‌ലെറ്റിക് ബിൽബാവോക്ക്‌ സാധിച്ചു. സെമി ഫൈനലിൽ റയൽ മാഡ്രിഡിനെ കീഴടക്കിയാണ് അത്‌ലെറ്റിക് ബിൽബാവോ ഫൈനലിൽ എത്തിയിരുന്നത്. ബിൽബാവോക്ക്‌ വേണ്ടി ഓസ്കാർ, വിയ്യാറിബ്രേ, ഇനാക്കി വില്യംസ് എന്നിവരാണ് ഗോളുകൾ കണ്ടെത്തിയത്. അതേസമയം ബാഴ്സക്ക്‌ വേണ്ടി ഇരട്ടഗോളുകൾ നേടിയ അന്റോയിൻ ഗ്രീസ്‌മാനും ടീമിനെ വിജയിപ്പിക്കാനായില്ല. മത്സരത്തിന്റെ അധികസമയത്താണ് അത്‌ലെറ്റിക്ക്‌ ബിൽബാവോ ഗോൾ നേടിയത്.

40-ആം മിനിട്ടിലാണ് ഗ്രീസ്‌മാൻ അക്കൗണ്ട് തുറന്നത്. ബോക്സിനകത്തു വെച്ച് വീണു കിട്ടിയ പന്ത് താരം ഒരു ഷോട്ടിലൂടെ വലയിൽ എത്തിക്കുകയായിരുന്നു. എന്നാൽ 42-ആം മിനിട്ടിൽ തന്നെ ഇനാക്കിയുടെ അസിസ്റ്റിൽ നിന്ന് ഓസ്കാർ ഗോൾ കണ്ടെത്തി. 77-ആം മിനുട്ടിലാണ് ജോർദി ആൽബയുടെ ക്രോസിൽ നിന്ന് ഗ്രീസ്‌മാൻ രണ്ടാം ഗോൾ നേടുന്നത്. എന്നാൽ 90-ആം മിനിറ്റിൽ മുനൈനിന്റെ അസിസ്റ്റിൽ നിന്നും വിയ്യാലിബ്രേ സമനില നേടികൊടുക്കുകയായിരുന്നു ഇതോടെ മത്സരം അധികസമയത്തേക്ക് നീങ്ങുകയായിരുന്നു. എന്നാൽ 94-ആം മിനുട്ടിൽ ബോക്സിന് വെളിയിൽ നിന്നുള്ള ഒരു അത്യുഗ്രൻ ഷോട്ടിൽ നിന്ന് ഇനാക്കി വില്യംസ് ഗോൾ കണ്ടതോടെ ബാഴ്സ പിറകിലാവുകയായിരുന്നു. 120-ആം മിനുട്ടിൽ എതിർ താരത്തെ ഫൗൾ ചെയ്തതിന് മെസ്സിക്ക്‌ റെഡ് കാർഡ് കൂടി ലഭിച്ചതോടെ ബാഴ്സയുടെ പതനം പൂർണ്ണമായി.

Leave a Reply

Your email address will not be published. Required fields are marked *