മെസ്സി മെഡിക്കൽപരിശോധനക്ക് വിധേയനായേക്കില്ല? കാത്തിരിക്കുന്നത് ഈ ശിക്ഷാനടപടികൾ !

തനിക്ക് ക്ലബ് വിടണമെന്ന് ആവിശ്യപ്പെട്ടു കൊണ്ട് സൂപ്പർ താരം ലയണൽ മെസ്സി ക്ലബിന് കത്തയച്ചു എന്നല്ലാതെ അക്കാര്യത്തിൽ ഇത് വരെ വ്യക്തമായ ഒരു വിശദീകരണം ക്ലബിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. അത്കൊണ്ട് തന്നെ ഇനി മെസ്സി എന്ത് ചെയ്യുമെന്നാണ് ആരാധകർ നോക്കികൊണ്ടിരിക്കുന്നത്. മെസ്സി ക്ലബ് വിടാനുള്ള തീരുമാനത്തിൽ തന്നെ ഉറച്ചു നിൽക്കുമോ അതോ തീരുമാനം മാറ്റുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. എന്നാൽ പുറത്ത് വരുന്ന പുതിയ റിപ്പോർട്ടുകൾ പ്രകാരം മെസ്സി ക്ലബ് വിടാനുള്ള തീരുമാനത്തിൽ തന്നെ ഉറച്ചു നിൽക്കും എന്നാണ്. അതായത് ഞായറാഴ്ച്ച ബാഴ്സ ക്ലബ് താരങ്ങൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന മെഡിക്കൽ പരിശോധനക്ക് മെസ്സി വിധേയനായേക്കില്ല എന്നാണ് പുറത്ത് വരുന്ന ഏറ്റവും പുതിയ വിവരം. സ്പാനിഷ് മാധ്യമമായ സ്പോർട്ട് ആണ് ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്.

മെസ്സിയുടെ ലീഗൽ ടീം ആണ് മെസ്സിക്ക് ഇത്തരത്തിലുള്ള ഒരു നിർദേശം നൽകിയത് എന്നാണ് അറിയാൻ കഴിയുന്നത്. കോവിഡ് ടെസ്റ്റ്‌ അടക്കമുള്ള പിസിആർ ടെസ്റ്റ്‌ ആണ് ഞായറാഴ്ച നടക്കുക. ഇതിന് ശേഷം തിങ്കളാഴ്ച പ്രീസീസൺ പരിശീലനം തുടങ്ങും. എന്നാൽ മുമ്പ് നെയ്മർ ചെയ്ത പോലെ ഇതിന് പങ്കെടുക്കാതിരിക്കുകയും ക്ലബ്ബിനെ പ്രതിരോധത്തിലാക്കാനുമാണ് മെസ്സിയുടെ ലീഗൽ ടീം നിർദേശം നൽകിയിരിക്കുന്നത്. അങ്ങനെ ചെയ്താൽ മെസ്സിയെ കാത്തിരിക്കുന്നത് ശിക്ഷാനടപടികൾ ആണ്. അതായത് ഞായറാഴ്ച്ചയും തിങ്കളാഴ്ച്ചയും വ്യക്തമായ കാരണങ്ങൾ ഒന്നും തന്നെ ഇല്ലാതെ ടീമിനോടൊപ്പം ചേരാതിരുന്നാൽ സസ്‌പെൻഷനും പിഴയും ലഭിക്കും. അതായത് 2 മുതൽ 10 ദിവസം വരെ ക്ലബിന്റെ ഭാഗത്തു നിന്നുള്ള സസ്‌പെൻഷൻ മെസ്സിക്ക് നേരിടേണ്ടി വരും. കൂടാതെ മാസശമ്പളത്തിൽ നിന്ന് 7 ശതമാനം വരെ പിഴയായി മെസ്സിയിൽ ചുമത്തിയേക്കും. ഇനി ചൊവ്വാഴ്ചയും ബുധനാഴ്ചയും മെസ്സി ബഹിഷ്കരണം തുടർന്നാൽ ശിക്ഷാ നടപടികൾ വർധിക്കും. അതായത് 10 മുതൽ 30 ദിവസങ്ങൾ വരെ മെസ്സിക്ക് സസ്‌പെൻഷൻ ലഭിക്കാൻ ഇടയുണ്ട്. കൂടാതെ മാസശമ്പളത്തിൽ നിന്ന് 25 ശതമാനം പിഴയായി ചുമത്താനും ബാഴ്സക്ക് സാധിച്ചേക്കും. അതായത് ഇത് ഒഴിവാക്കണമെങ്കിൽ മെസ്സി ബാഴ്സയ്ക്കൊപ്പം ചേരണം എന്ന്.

Leave a Reply

Your email address will not be published. Required fields are marked *