മെസ്സിക്ക് പിച്ചിച്ചി, സമോറ കോർട്ടുവക്ക്, ലാലിഗയിലെ പുരസ്‌കാരങ്ങൾ ഇങ്ങനെ !

അങ്ങനെ 2019/20 ലാലിഗ സീസണിന് ഇന്നലത്തെ മത്സരത്തോട് കൂടി വിരാമമായി. കോവിഡ് പ്രതിസന്ധി മൂലം ഒരു ഘട്ടത്തിൽ ഉപേക്ഷിക്കേണ്ടി വരുമോ എന്ന് വരെ തോന്നിച്ചെങ്കിലും പിന്നീട് പുനരാരംഭിച്ച് ലീഗ് പൂർത്തിയാക്കുകയായിരുന്നു. അത് വരെ മുന്നിലുണ്ടായിരുന്ന ബാഴ്സയെ മറികടന്ന് റയൽ മാഡ്രിഡ്‌ തങ്ങളുടെ മുപ്പത്തിനാലാം കിരീടം ഷെൽഫിലെത്തിച്ചു. അവസാനകുറച്ചു മത്സരങ്ങളിലെ മോശം പ്രകടനമായിരുന്നു ബാഴ്സക്ക് വിനയായത്. എന്നിരുന്നാലും രണ്ടാം സ്ഥാനം നേടി ചാമ്പ്യൻസ് ലീഗ് യോഗ്യത ബാഴ്സ നേടിയെടുത്തു. റയൽ മാഡ്രിഡ്‌, ബാഴ്സലോണ, അത്ലറ്റികോ മാഡ്രിഡ്‌, സെവിയ്യ എന്നിവരാണ് അടുത്ത ചാമ്പ്യൻസ് ലീഗ് സീസണിലേക്കുള്ള യോഗ്യത നേടിയത്. അതേ സമയം ഇവർക്ക് പിറകിലായി ഫിനിഷ് ചെയ്ത വിയ്യാറയൽ, റയൽ സോസിഡാഡ്, ഗ്രനാഡ എന്നിവർക്ക് യൂറോപ്പ ലീഗ് യോഗ്യതയും ലഭിച്ചു.എന്നാൽ റയൽ മയ്യോർക്ക, എസ്പാനോൾ, ലെഗാനസ് എന്നിവർ സെക്കന്റ്‌ ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ടു.

അവസാനദിവസത്തിൽ ബെൻസിമ മെസ്സിയെ കടത്തി വെട്ടുമോ എന്ന് നോക്കിയെങ്കിലും പതിവ് പോലെ മെസ്സി തന്നെ പിച്ചിച്ചി നേടി.25 ഗോളുകൾ അടിച്ചു കൂട്ടിയാണ് മെസ്സി ലീഗിലെ ടോപ് സ്കോറെർ ആയത്. 21 എണ്ണം നേടിയ ബെൻസിമ രണ്ടാമത് എത്തി. ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന സ്പാനിഷ് താരത്തിന് നൽകുന്ന സാറ ട്രോഫി വിയ്യാറയൽ താരം ജെറാർഡ് മൊറീനോക്ക് ലഭിച്ചു. 18 ഗോളുകളാണ് താരം ലീഗിൽ നേടിയത്. 15 ഗോളുകൾ നേടിയ റൗൾ ഗാർഷ്യ, 14 ഗോളുകൾ നേടിയ അസ്പാസ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനം പങ്കിട്ടു. ഏറ്റവും മികച്ച ഗോൾ കീപ്പർക്കുള്ള സമോറ ട്രോഫി റയൽ കീപ്പർ കോർട്ടുവ നേടി. മുൻപ് അത്ലറ്റികോ മാഡ്രിഡിനൊപ്പവും താരം ഇത് നേടിയിരുന്നു. യാൻ ഒബ്ലക്, ഉനൈ സിമോൺ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഏറ്റവും മികച്ച പരിശീലകനുള്ള മിഗെൽ മുനോസ് പുരസ്‌കാരം സിദാനും ലോപെട്യുഗിയും പങ്കിട്ടെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *