മെസ്സിക്ക് പരിക്ക്, അടുത്ത മത്സരം നഷ്ടമാവും !

എഫ്സി ബാഴ്സലോണയുടെ സൂപ്പർ താരം ലയണൽ മെസ്സിക്ക് പരിക്ക് സ്ഥിരീകരിച്ചു. ബാഴ്‌സ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മെസ്സിയുടെ മെഡിക്കൽ റിപ്പോർട്ട്‌ ക്ലബ് പുറത്ത് വിട്ടിട്ടുണ്ട്. താരത്തിന്റെ വലതു കാലിന് ആങ്കിൾ ഇഞ്ചുറിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡിസംബർ 29-ന് എയ്ബറിനെതിരെ നടക്കുന്ന മത്സരം മെസ്സിക്ക് നഷ്ടമാവുമെന്ന് ബാഴ്സ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വല്ലഡോലിഡിനെതിരെയുള്ള മത്സരത്തിൽ മെസ്സി മുഴുവൻ സമയവും കളിച്ചിരുന്നു. അതിന് ശേഷം താരം ക്രിസ്മസ് ആഘോഷങ്ങൾക്കായി സ്വന്തം നാടായ റൊസാരിയോയിലേക്ക് യാത്ര തിരിച്ചിരുന്നു.

അതേസമയം ഇന്നലെ നടന്ന പരിശീലനത്തിൽ മെസ്സി പങ്കെടുത്തിരുന്നില്ല. താരം വെക്കേഷനിലായിരുന്നതിനാലാവാം താരം പങ്കെടുക്കാതിരുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നു. എന്നാൽ അതിന് പിന്നാലെ ബാഴ്‌സ മെസ്സിയുടെ മെഡിക്കൽ റിപ്പോർട്ട്‌ പുറത്ത് വിട്ടത്. ഈ ലീഗിൽ ബാഴ്സ ആകെ കളിച്ച 1260 മിനിറ്റുകളിൽ 1215 മിനുട്ടും മെസ്സി കളിച്ചിട്ടുണ്ട്. ബെറ്റിസിനെതിരെയുള്ള മത്സരത്തിൽ മാത്രമാണ് താരം പകരക്കാരനായി ഇറങ്ങിയത്. മത്സരത്തിൽ 5-2 ന് ബാഴ്സ വിജയിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിലായിരുന്നു മെസ്സിക്ക്‌ അവസാനമായി പരിക്കേറ്റത്. അന്ന് നാല് ലാലിഗ മത്സരങ്ങൾ താരത്തിന് നഷ്ടമായിരുന്നു. എയ്ബറിനെതിരെയുള്ള മത്സരത്തിന് ശേഷം ബാഴ്‌സക്ക്‌ ഹുയസ്ക്കക്കെതിരെയാണ് മത്സരം. ഈ മത്സരത്തിൽ മെസ്സി തിരിച്ചെത്തിയേക്കും.

Leave a Reply

Your email address will not be published. Required fields are marked *