മെസ്സിക്ക് പത്താം നമ്പർ വാഗ്ദാനം ചെയ്ത് നെയ്മർ, പക്ഷേ!
സൂപ്പർ താരം ലയണൽ മെസ്സി പിഎസ്ജിയിലേക്ക് എത്തുമെന്നുള്ള റിപ്പോർട്ടുകൾ ശക്തി പ്രാപിച്ചു കൊണ്ടിരിക്കുന്ന ഒരു സന്ദർഭത്തിലൂടെയാണ് ഇപ്പോൾ ഫുട്ബോൾ ലോകം പോയി കൊണ്ടിരിക്കുന്നത്. പിഎസ്ജിയുമായി ബന്ധപ്പെട്ട ഇതിവൃത്തങ്ങൾ എല്ലാം തന്നെ മെസ്സിക്ക് വേണ്ടി ശ്രമിക്കുന്നു എന്ന കാര്യം അറിയിച്ചിട്ടുണ്ട്. അതേസമയം മെസ്സിയെ പിഎസ്ജിയിലെത്തിക്കാൻ താരത്തിന്റെ സുഹൃത്തായ നെയ്മർ ക്ലബ്ബിൽ സമ്മർദ്ദം ചെലുത്തുന്നുണ്ട് എന്ന വാർത്ത പുറത്ത് വിട്ടത് സ്പാനിഷ് മാധ്യമമായ മാർക്കയായിരുന്നു. മെസ്സിക്കൊപ്പം ഒരിക്കൽ കൂടി കളിക്കാൻ ആഗ്രഹിക്കുന്നു എന്നുള്ളത് മുമ്പ് തന്നെ നെയ്മർ തുറന്ന് പറഞ്ഞിരുന്നു.
അതേസമയം മറ്റൊരു വാർത്ത കൂടി ഇപ്പോൾ ഫ്രഞ്ച് മാധ്യമമായ ആർഎംസി സ്പോർട് പുറത്ത് വിട്ടിട്ടുണ്ട്. മെസ്സി പിഎസ്ജിയിൽ എത്തിയാൽ താരത്തിന് പത്താം നമ്പർ ജേഴ്സി നെയ്മർ വിട്ടു നൽകുമെന്നാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്. നിലവിൽ പിഎസ്ജിയുടെ പത്താം നമ്പർ നെയ്മറാണ് അണിയുന്നത്. അതേസമയം ബാഴ്സയിൽ ദീർഘകാലം പത്താം നമ്പർ അണിഞ്ഞത് മെസ്സിയായിരുന്നു. അത്കൊണ്ട് തന്നെ മെസ്സിക്ക് പത്താം നമ്പർ വാഗ്ദാനം ചെയ്തു എന്നാണ് റിപ്പോർട്ട്.
New Report Reveals the Role Neymar Has Had in PSG’s Pursuit of Messi https://t.co/lIyIpSjkNw
— PSG Talk 💬 (@PSGTalk) August 7, 2021
പക്ഷേ മെസ്സി ഇത് സ്വീകരിക്കാൻ സാധ്യത ഇല്ലെന്നും റിപ്പോർട്ടുകൾ ചൂണ്ടി കാണിക്കുന്നു.മെസ്സി 19-ആം നമ്പർ ജേഴ്സിക്കാണ് മുൻഗണന നൽകുക എന്നാണ് അറിയാൻ കഴിയുന്നത്. ബാഴ്സയിലെ തുടക്കകാലത്ത് മെസ്സി 19-ആം നമ്പർ ജേഴ്സിയായിരുന്നു അണിഞ്ഞിരുന്നത്. അത്കൊണ്ടാണ് മെസ്സി 19-ആം നമ്പർ ജേഴ്സിയോട് താല്പര്യം പ്രകടിപ്പിച്ചതെന്നും ഇവർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഏതായാലും ഒഫീഷ്യൽ അനൗൺസ്മെന്റിന് ശേഷമെ ഇക്കാര്യത്തിൽ വ്യക്തത കൈവരികയൊള്ളൂ. ഒഫീഷ്യൽ അനൗൺസ്മെന്റിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഫുട്ബോൾ ലോകം.