മെസ്സിയുടെ കാര്യത്തിൽ സങ്കടമുണ്ട്,അത് പരിഹരിക്കണം : ലാപോർട്ട
കഴിഞ്ഞ സീസണിലായിരുന്നു സൂപ്പർ താരം ലയണൽ മെസ്സിക്ക് എഫ്സി ബാഴ്സലോണ വിടേണ്ടി വന്നത്. സാമ്പത്തിക പ്രശ്നങ്ങൾ മൂലമായിരുന്നു മെസ്സിക്ക് ബാഴ്സ കരിയറിന് വിരാമം കുറിക്കേണ്ടി വന്നത്.സീസണിന് ശേഷം ഫ്രീ ഏജന്റായി കൊണ്ട് ക്ലബ് വിട്ടതിനാൽ മെസ്സി അർഹിക്കുന്ന രൂപത്തിലുള്ള ഒരു യാത്രയയപ്പ് നൽകാൻ ബാഴ്സക്ക് സാധിച്ചിരുന്നില്ല.
ഏതായാലും ഇക്കാര്യത്തിൽ ബാഴ്സയുടെ പ്രസിഡന്റായ ജോയൻ ലാപോർട്ട തന്റെ ദുഃഖം പ്രകടിപ്പിച്ചിട്ടുണ്ട്. മെസ്സി അർഹിക്കുന്ന രൂപത്തിലുള്ള ട്രിബൂട്ട് നൽകാൻ കഴിഞ്ഞിട്ടില്ല എന്ന് സമ്മതിച്ച അദ്ദേഹം ഉടനെ നൽകാൻ കഴിയുമെന്നുള്ള പ്രതീക്ഷയും പങ്കുവെക്കുന്നുണ്ട്.ലാപോർട്ടയുടെ വാക്കുകൾ മാർക്ക റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) June 17, 2022
” മെസ്സിക്ക് അദ്ദേഹം അർഹിക്കുന്ന രൂപത്തിലുള്ള ഒരു ട്രിബ്യൂട്ട് നൽകാൻ കഴിയാത്തത് എനിക്ക് അന്ന് മുതൽ തന്നെ വലിയ ദുഃഖമുണ്ട്.ഞങ്ങൾക്ക് വേണ്ടി എല്ലാം നൽകിയവനാണ് മെസ്സി. എന്നെ സംബന്ധിച്ചിടത്തോളം ലയണൽ മെസ്സി എപ്പോഴും ബാഴ്സയിലാണ്.സാഹചര്യങ്ങളാണ് ഞങ്ങളെക്കൊണ്ട് അത് ചെയ്യിപ്പിച്ചത്.ഇപ്പോഴോ പിന്നീടോ ഞങ്ങൾ അദ്ദേഹത്തിന് ഒരു ട്രിബ്യൂട്ട് നൽകേണ്ടതുണ്ട്. ഉടൻ തന്നെ അതിനു സാധിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അദ്ദേഹത്തെ ഒഴിവാക്കിക്കൊണ്ട് പിന്നെ 20 വർഷത്തെ ബാഴ്സയെ മനസ്സിലാക്കാൻ നമുക്ക് സാധിക്കില്ല. അദ്ദേഹം ക്ലബ്ബിന്റെ ആണിക്കല്ലായിരുന്നു. അദ്ദേഹത്തിന് നല്ല ഒരു യാത്രയയപ്പ് നൽകാത്തത് എപ്പോഴും എന്നെ ദുഃഖത്തിലാഴ്ത്തിയിരുന്നു. തീർച്ചയായും ഞങ്ങൾ അത് പരിഹരിക്കേണ്ടതുണ്ട് ” ഇതാണ് ലാപോർട്ട പറഞ്ഞിട്ടുള്ളത്.
ഒരു വർഷത്തെ കരാർ കൂടിയാണ് മെസ്സിക്ക് പിഎസ്ജിയുമായി അവശേഷിക്കുന്നത്. പിന്നീട് ഒരു വർഷത്തേക്ക് കൂടി കരാർ നിർത്താനുള്ള ഓപ്ഷനുമുണ്ട്. ഏതായാലും കരാർ പൂർത്തിയായതിന് ശേഷം മെസ്സി ഏത് രൂപത്തിലുള്ള തീരുമാനം എടുക്കുമെന്നുള്ളത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.