മെസ്സിക്കൊരു കുഴപ്പവുമില്ല, വിമർശനങ്ങളോട് പ്രതികരിച്ച് കൊണ്ട് കൂമാൻ പറയുന്നതിങ്ങനെ !

ഈ സീസണിൽ മെസ്സി മോശം ഫോമിലാണ് എന്ന് പറഞ്ഞാൽ അത് തെറ്റാവില്ല. കാരണം മെസ്സിയെ സംബന്ധിച്ചെടുത്തോളം മെസ്സി മോശം ഫോമിൽ തന്നെയാണ്. ഈ സീസണിൽ ഇതുവരെ ഒരൊറ്റ ഓപ്പൺ പ്ലേ ഗോൾ പോലും മെസ്സി നേടിയിട്ടില്ല എന്നുള്ളത് താരത്തിന്റെ ആരാധകരെ സങ്കടത്തിലാഴ്ത്തുന്ന കാര്യമാണ്. ഈയിടെ ക്ലബ്ബിന് വേണ്ടിയും രാജ്യത്തിന് വേണ്ടിയുമൊക്കെ നേടിയ ഗോളുകൾ പെനാൽറ്റിയിലൂടെയായിരുന്നു. ഇതോടെ താരത്തിന്റെ മോശം പ്രകടനത്തെ വിമർശിച്ചു കൊണ്ടും ആത്മാർത്ഥയെ ചോദ്യം ചെയ്തു കൊണ്ടും നിരവധി പേർ രംഗത്ത് വന്നിരുന്നു. എന്നാൽ ഈ വിമർശകർക്കെല്ലാം തന്നെ മറുപടി നൽകിയിരിക്കുകയാണ് പരിശീലകൻ റൊണാൾഡ് കൂമാൻ. മെസ്സിക്കൊരു കുഴപ്പവുമില്ല എന്നാണ് പരിശീലകൻ താരത്തെ പിന്തുണച്ചു കൊണ്ട് പറഞ്ഞത്. എല്ലാവർക്കും ഉണ്ടാവുന്ന പോലെയുള്ള ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് അദ്ദേഹം കടന്നു പോവുന്നതെന്നും പക്ഷെ അദ്ദേഹം മത്സരങ്ങൾ ആസ്വദിക്കുന്നുണ്ടെന്നും നല്ല രീതിയിൽ തന്നെയാണ് മത്സരത്തെ സമീപിക്കുന്നതെന്നും കൂമാൻ കൂട്ടിച്ചേർത്തു. റയൽ ബെറ്റിസ്-ബാഴ്സ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കൂമാൻ.

” മെസ്സി മഹത്തായ ഒരു താരമാണ്. അദ്ദേഹത്തിന് ഇപ്പോഴും ഒരുപാട് ക്വാളിറ്റിയുണ്ട്. അദ്ദേഹം അത് പുറത്തെടുക്കുക തന്നെ ചെയ്യും. വളരെയധികം പ്രധാനപ്പെട്ട താരമാണ്. പ്രത്യേകിച്ച് ആക്രമണത്തിൽ. വിത്യസ്തകൾ സൃഷ്ടിക്കാൻ കഴിവുള്ള താരമാണ് മെസ്സി. എതിരാളികളെ വേദനിപ്പിക്കാൻ മെസ്സിക്ക് നന്നായി അറിയാം. വ്യത്യസ്ഥ പൊസിഷനുകളിൽ മെസ്സിക്ക് കളിക്കാൻ സാധിക്കും. ഫാൾസ് നയണിലും വിങ്ങുകളിലും ഒരുപോലെ മെസ്സിക്ക് കളിക്കാൻ സാധിക്കും. എതിരാളികൾക്ക് എപ്പോഴും തലവേദന സൃഷ്ടിക്കാൻ കഴിവുള്ള താരമാണ് മെസ്സി. കരുത്തോടെ, നല്ല രീതിയിൽ തന്നെയാണ് അദ്ദേഹം നിലകൊള്ളുന്നത്. അദ്ദേഹം ഒരു വിജയശ്രീലാളിതനാണ്. എപ്പോഴും മത്സരങ്ങളെ ആസ്വദിക്കുന്നവനുമാണ്. എല്ലാവരെപ്പോലെയും സങ്കീർണമായ സമയങ്ങൾ അദ്ദേഹത്തിനുമുണ്ടാകും. പക്ഷെ ഇപ്പോഴും അദ്ദേഹം വളരെയധികം ഇൻവോൾവ്ഡ് ആയ താരമാണ് ” കൂമാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *