മൂന്ന് മണിക്കൂർ കളിച്ചാലും ഞങ്ങൾ ഗോളടിക്കുമായിരുന്നില്ല ; നിരാശയോടെ പീക്കെ പറയുന്നു!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു എഫ്സി ബാഴ്സലോണ അത്ലറ്റിക്കോക്ക് മുന്നിൽ തകർന്നടിഞ്ഞത്. തോമസ് ലെമാറും ലൂയിസ് സുവാരസുമായിരുന്നു അത്ലറ്റിക്കോയുടെ ഗോളുകൾ നേടിയത്. അവസാനത്തെ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ബാഴ്സ അഞ്ചു ഗോളുകളാണ് വഴങ്ങിയിട്ടുള്ളത്.നിലവിൽ ഒൻപതാം സ്ഥാനത്താണ് ബാഴ്‌സയുള്ളത്. ഏതായാലും ഈ തോൽവിക്ക് ശേഷം സ്വന്തം ടീമിനെതിരെ വിമർശനങ്ങൾ ഉയർത്തിയിരിക്കുകയാണ് സൂപ്പർ താരമായ ജെറാർഡ് പീക്കെ. മൂന്ന് മണിക്കൂർ കളിച്ചാലും ബാഴ്‌സക്ക് ഗോൾ അടിക്കാൻ കഴിയുമായിരുന്നില്ല എന്നാണ് പീക്കെ അഭിപ്രായപ്പെട്ടത്. മത്സരശേഷം മൂവിസ്റ്റാറിനോട് സംസാരിക്കുകയായിരുന്നു പീക്കെ.
Pique: Barcelona could have played for three hours and still not scored https://t.co/b17ltSefbW
— Barça Blaugranes (@BlaugranesBarca) October 3, 2021
” ഞങ്ങൾ ആഗ്രഹിച്ച ഒരു റിസൾട്ട് അല്ല ഞങ്ങൾക്ക് ലഭിച്ചത്.എന്നാലും ഞങ്ങൾ മുന്നോട്ട് പോവും.ഇതൊരു സങ്കീർണമായ സാഹചര്യമാണ്.ഞങ്ങൾ നന്നായി ബുദ്ധിമുട്ടുന്നുണ്ട്.അക്കാര്യത്തിൽ എനിക്ക് സത്യം പറയാതെ വയ്യ.ഒരു പ്രശ്നം മാത്രമല്ല ബാഴ്‌സക്കുള്ളത്. ഒരുപാട് പ്രശ്നങ്ങളുണ്ട്.പക്ഷേ ഞങ്ങൾ ഇതിൽ നിന്നും റിക്കവർ ആവും.ഇതൊരു ബുദ്ധിമുട്ടേറിയ സമയമാണ്.പലരും ഇതിന് മുമ്പ് ഇങ്ങനെയൊന്ന് അനുഭവിച്ചിട്ടില്ല.ഡ്രസിങ് റൂമിലെ അന്തരീക്ഷമൊക്കെ മികച്ചതാണ്.പക്ഷേ ഈ പ്രകടനം ഞങ്ങൾ മാറ്റേണ്ടിയിരിക്കുന്നു.അത് എളുപ്പമല്ല.ഇന്നത്തെ മത്സരത്തിൽ ഞങ്ങൾ മൂന്ന് മണിക്കൂർ കളിച്ചാൽ പോലും ഞങ്ങൾക്ക് ഗോൾ നേടാൻ സാധിക്കുമായിരുന്നില്ല ” പീക്കെ പറഞ്ഞു.
നിലവിൽ പോയിന്റ് ടേബിളിൽ ഒമ്പതാം സ്ഥാനത്താണ് ബാഴ്‌സ. ഇനി ഇന്റർനാഷണൽ ബ്രേക്കിന് ശേഷമാണ് മത്സരങ്ങൾ നടക്കുക. എന്നാൽ ഇതിനിടയിൽ കൂമാനെ പുറത്താക്കിയേക്കുമെന്നും അഭ്യൂഹങ്ങൾ ഉണ്ട്.