മിന്നുംപ്രകടനത്തിന് തുണയായത് മെസ്സിയുടെ ഉപദേശങ്ങൾ, നന്ദിയോടെ ഫാറ്റി പറയുന്നു !

കൂമാന്റെ കീഴിലുള്ള ആദ്യ ലീഗ് മത്സരത്തിൽ തന്നെ തകർപ്പൻ ജയം നേടിയതിന്റെ ആശ്വാസത്തിലാണ് എഫ്സി ബാഴ്സലോണ. മത്സരത്തിൽ ഗംഭീരപ്രകടനം നടത്തിയത് അൻസു ഫാറ്റിയാണ് എന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാവില്ല. ആദ്യ ഇരുപത് മിനുട്ടുകൾക്കുള്ളിൽ തന്നെ രണ്ട് ഗോളുകളാണ് വിയ്യാറയലിന്റെ വലയിൽ ഫാറ്റി അടിച്ചു കൂട്ടിയത്. രണ്ടും അതിമനോഹരമായ ഫിനിഷിങ് ആയിരുന്നു എന്ന് പറഞ്ഞാൽ തെറ്റാവില്ല. മൂന്നാമത്തെ ഗോളും ഫാറ്റിയുടെ അധ്വാനത്തിൽ നിന്ന് തന്നെയാണ് വന്നത്. താരത്തെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റിയാണ് മെസ്സി ലക്ഷ്യത്തിൽ എത്തിച്ചത്. ഇപ്പോഴിതാ തന്റെ മിന്നും പ്രകടനത്തിന് മെസ്സിക്ക് നന്ദി അർപ്പിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് അൻസു ഫാറ്റി. ഇന്നലത്തെ മത്സരത്തിലെ മിന്നും പ്രകടനത്തിന് കാരണക്കാരൻ മെസ്സിയാണ് എന്നാണ് ഫാറ്റി തുറന്നു പറഞ്ഞത്. മെസ്സിയുടെ ഉപദേശങ്ങളാണ് തനിക്ക് തുണയാതെന്നും അതിന് മെസ്സിയോട് നന്ദി പറയുന്നുവെന്നും ഫാറ്റി അറിയിച്ചു.

” എന്റെ കുട്ടിക്കാലം മുതലേയുള്ള സ്വപ്നമാണ് മെസ്സിക്കൊപ്പം കളിക്കുക എന്നത്. ഇപ്പോഴിതാ ഞാൻ ആ സ്വപ്നത്തിലാണ് ജീവിക്കുന്നത്. അദ്ദേഹം എനിക്ക് ഒരുപാട് ഉപദേശങ്ങൾ നൽകിയിരുന്നു. അദ്ദേഹം കളത്തിലും പരിശീലനത്തിലും എന്നെ ഒരുപാട് സഹായിക്കുന്നുണ്ട്. ഇതെല്ലാം തന്നെ എന്നെ വളരെയധികം സന്തോഷവാനാക്കുന്നു.അതിനെനിക്ക് നന്ദിയുമുണ്ട്. എനിക്ക് ഓരോ ദിവസം കൂടുംതോറും പുരോഗതി പ്രാപിക്കണം. എന്റെ സഹതാരങ്ങളിൽ നിന്നും ഓരോ ദിവസവും എനിക്ക് പുതിയ കാര്യങ്ങൾ പഠിക്കണം. കാരണം അവർ മികച്ചവരാണ്. ഓരോ ദിവസവും എന്നെ സഹായിക്കാൻ ശ്രമിക്കുന്നവരുമാണ് അവർ ” ഫാറ്റി മത്സരശേഷം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *