മികച്ചതല്ലായിരിക്കാം,പക്ഷെ ബാഴ്സയിപ്പോഴും മനോഹരമാണ് : ഡി യോങ്
ഈ സീസണിൽ ഒരു മോശം അവസ്ഥയിലൂടെയാണ് സ്പാനിഷ് വമ്പന്മാരായ എഫ്സി ബാഴ്സലോണ കടന്നുപോകുന്നത്. ചാമ്പ്യൻസ് ലീഗിൽ നിന്നും കോപ്പ ഡെൽ റേയിൽ നിന്നും ബാഴ്സ പുറത്തായിരുന്നു.ലാലിഗയിലെ ഒന്നാം സ്ഥാനക്കാരുമായി ബാഴ്സക്ക് വലിയ വ്യത്യാസം നിലവിലുണ്ട്.
എന്നാൽ ബാഴ്സയുടെ ഡച്ച് സൂപ്പർ താരമായ ഫ്രങ്കി ഡി യോങ് ഇപ്പോഴും ഹാപ്പിയാണ്.നിലവിൽ ബാഴ്സ മികച്ച ക്ലബ് അല്ലെങ്കിലും ഏറ്റവും മനോഹരമായ ക്ലബ്ബാണ് എന്നാണ് ഡി യോങ് അവകാശപ്പെട്ടിരിക്കുന്നത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഞാൻ ബാഴ്സയെ കുറിച്ച് മുമ്പ് എന്ത് ചിന്തിച്ചുവോ അത് തന്നെയാണ് ഇപ്പോഴും കരുതുന്നത്. നിലവിൽ ബാഴ്സ മികച്ച നിലയിൽ അല്ലായിരിക്കാം,പക്ഷേ ലോകത്തിലെ ഏറ്റവും മനോഹരമായ ക്ലബ്ബ് ഇപ്പോഴും ബാഴ്സ തന്നെയാണ് ” ഇതാണ് താരം പറഞ്ഞിട്ടുള്ളത്.
ഈ സീസണിൽ വേണ്ടത്ര മികവിലേക്ക് ഉയരാൻ ഡി യോങ്ങിന് കഴിഞ്ഞിട്ടില്ല.ആകെ കളിച്ച 26 മത്സരങ്ങളിൽ നിന്ന് രണ്ടു ഗോളുകളും രണ്ട് അസിസ്റ്റുകളുമാണ് താരത്തിന്റെ സമ്പാദ്യം. ഇതേ തുടർന്ന് ചെറിയ വിമർശനങ്ങൾ ഡി യോങ്ങിന് ഏൽക്കേണ്ടി വന്നിരുന്നു. ഇതേക്കുറിച്ച് താരം പറഞ്ഞത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) January 31, 2022
” ഞാൻ ഫുട്ബോളിനെ ഇഷ്ടപ്പെടുന്നു,ഞാൻ എല്ലാ വാർത്തകളും വായിക്കാറുണ്ട്. ആളുകൾ പരസ്പരം സംസാരിക്കുന്ന കാര്യങ്ങൾ ഞാൻ ശ്രദ്ധിക്കാറുണ്ട്.ചിലപ്പോൾ അവർ ശരിക്കും മത്സരം കണ്ടിട്ടില്ലെന്ന് എനിക്ക് തോന്നാറുണ്ട്.ചിലപ്പോൾ കമന്റെറ്റർമാരിൽ നിന്നും വിശകലനം ചെയ്യുന്നവരിൽ നിന്നും അഭിപ്രായം എടുക്കുകയും ചെയ്യും.പക്ഷെ ഇതൊക്കെ ഒരു മോശം അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്.എനിക്ക് ടീമിന് കൂടുതൽ സംഭാവന നൽകാൻ കഴിയുമെന്നാണ് ഞാൻ വിശ്വസിക്കുന്നത് ” ഡി യോങ് പറഞ്ഞു.
ഇനി അത്ലറ്റിക്കോ മാഡ്രിഡിനെതിരെയാണ് ബാഴ്സയുടെ അടുത്ത മത്സരം.ഫെബ്രുവരി ആറാം തിയ്യതിയാണ് ഈ മത്സരം അരങ്ങേറുക.