മത്സരം തോറ്റപ്പോൾ മാധ്യമങ്ങളുടെ മുന്നിലേക്ക് പറഞ്ഞയച്ചത് പതിനേഴുകാരനായ പെഡ്രിയെ, മെസ്സിക്കും ബാഴ്സക്കും രൂക്ഷവിമർശനം !

കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ അത്ലെറ്റിക്കോ മാഡ്രിഡിനോട് എഫ്സി ബാഴ്സലോണ ഏകപക്ഷീയമായ ഒരു ഗോളിന് തോൽവി അറിഞ്ഞിരുന്നു. ഈ ലാലിഗയിൽ ബാഴ്‌സ വഴങ്ങുന്ന മൂന്നാം തോൽവിയായിരുന്നു അത്. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കാൻ ബാഴ്സ പറഞ്ഞയച്ചത് പതിനേഴുകാരനായ പെഡ്രിയെയായിരുന്നു. ഈ സീസണിൽ മാത്രം ബാഴ്സയിലെത്തിയ, പരിചയസമ്പത്തില്ലാത്ത താരത്തെ തോൽവിയെ തുടർന്ന് മാധ്യമങ്ങളുടെ മുന്നിലേക്ക് തള്ളിവിട്ടതിനെതിരെ രൂക്ഷവിമർശനമാണ് ബാഴ്സക്ക്‌ നേരെ ഉയർന്നത്. പ്രത്യേകിച്ച് ടീമിന്റെ ക്യാപ്റ്റനായ മെസ്സിക്കെതിരെ വലിയ തോതിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്. ഇതാദ്യമായല്ല ഇങ്ങനെ സംഭവിക്കുന്നത്. എൽ ക്ലാസിക്കോയിൽ ബാഴ്സ തോൽവി അറിഞ്ഞ ശേഷം മാധ്യമങ്ങളെ കാണാൻ പറഞ്ഞയച്ചത് ഈ സീസണിൽ ബാഴ്സയിലെത്തിയ സെർജിനോ ഡെസ്റ്റിനെയായിരുന്നു. സ്പാനിഷ് സംസാരിക്കാനറിയാത്ത ഡെസ്റ്റിനെ പറഞ്ഞു വിട്ടതിനെ തുടർന്ന് അന്നും ബാഴ്സക്ക്‌ വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു.

സ്പാനിഷ് മാധ്യമമായ ഡയാറിയോ എഎസ് ആണ് മെസ്സിക്കെതിരെ രൂക്ഷവിമർശനമുയർത്തിയത്. ” ബാഴ്സലോണ ടീം അനാഥമായിരിക്കുന്നു എന്നതിനുള്ള തെളിവാണ് വാണ്ടമെട്രോപൊളിറ്റാനോയിൽ നിന്നും കാണാനായത്. എല്ലാവരും തല താഴ്ത്തി കൊണ്ട് ഉടൻ സ്ഥലം വിടുകയാണ് ചെയ്തത്. കളിച്ചു കഴിഞ്ഞ ഉടനെ മത്സരത്തെ കുറിച്ച് ഒന്നും പറയാതെ അവർ സ്ഥലം വിട്ടു. ബാഴ്സക്കകത്ത്‌ നേതൃത്വത്തിന്റെ കുറവുണ്ടെന്ന് വ്യക്തമാണ്. കഴിഞ്ഞ ഓഗസ്റ്റിൽ ക്ലബ് വിടണമെന്ന് പറഞ്ഞ മെസ്സിയാണ് ഇപ്പോഴും ബാഴ്‌സയുടെ ക്യാപ്റ്റന്റെ ആം ബാൻഡ് അണിയുന്നത്. നയിക്കാൻ ഒരു നായകൻ ഇല്ലാതെയാണ് ബാഴ്‌സ ഇപ്പോൾ മുന്നോട്ട് പോവുന്നത് ” എഎസ് കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *