ഭീമൻ റിലീസ് ക്ലോസ്,ബ്രസീലിയൻ ത്രിമൂർത്തികളുടെ കരാർ പുതുക്കാൻ റയൽ മാഡ്രിഡ്!

കഴിഞ്ഞ സീസണിൽ മിന്നുന്ന പ്രകടനമാണ് സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് നടത്തിയിട്ടുള്ളത്. ലാലിഗ കിരീടവും യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടവും സ്വന്തമാക്കാൻ റയലിന് സാധിച്ചിരുന്നു. റയലിന്റെ ഈയൊരു വിജയകുതിപ്പിൽ വലിയ പങ്കുവഹിക്കാൻ ബ്രസീലിയൻ താരങ്ങൾക്ക് സാധിച്ചിരുന്നു.

ഇപ്പോഴിതാ മൂന്ന് ബ്രസീലിയൻ സൂപ്പർ താരങ്ങളുടെ കരാർ ഒരുമിച്ച് പുതുക്കാനുള്ള ഒരുക്കത്തിലാണ് നിലവിൽ റയൽ മാഡ്രിഡുള്ളത്.വിനീഷ്യസ് ജൂനിയർ,റോഡ്രിഗോ ഗോസ്,എഡർ മിലിറ്റാവോ എന്നിവരുടെ കരാറാണ് റയൽ മാഡ്രിഡ് പുതുക്കാനൊരുങ്ങുന്നത്. പ്രമുഖ ഫുട്ബോൾ ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

2027 വരെനുള്ള ഒരു കരാറിലായിരിക്കും വിനീഷ്യസ് ജൂനിയർ ഒപ്പുവെക്കുക. അതേസമയം റോഡ്രിഗോയും എഡർ മിലിറ്റാവോയും 2028 വരെയുള്ള പുതിയ കരാറിലായിരിക്കും സൈൻ ചെയ്യുക. മൂന്ന് താരങ്ങൾക്കും 1 ബില്യൺ യുറോയാണ് റിലീസ് ക്ലോസായി കൊണ്ട് റയൽ മാഡ്രിഡ് കണ്ടുവെച്ചിട്ടുള്ളത്. ചുരുക്കത്തിൽ ഈ മൂന്നു താരങ്ങളെയും കൈവിടാൻ റയൽ ആഗ്രഹിക്കുന്നില്ല എന്നുള്ളതാണ് വ്യക്തമാവുന്നത്.

25 വയസ്സിന് താഴെയുള്ളവരാണ് ഈ മൂന്ന് താരങ്ങളും. തങ്ങളുടെ ഭാവി സുരക്ഷിതമാക്കാൻ വേണ്ടിയാണ് റയൽ മാഡ്രിഡ് ഈ താരങ്ങളുടെ കരാർ വലിയ ഒരു കാലയളവിലേക്ക് പുതുക്കുന്നത്. കഴിഞ്ഞ സീസണിലെ ഭൂരിഭാഗം മത്സരങ്ങളും കളിക്കാൻ മിലിറ്റാവോക്കും വിനീഷ്യസിനും സാധിച്ചിരുന്നു. തകർപ്പൻ പ്രകടനമായിരുന്നു വിനീഷ്യസ് കഴിഞ്ഞ സീസണിൽ നടത്തിയത്. അതേസമയം മിലിറ്റാവോക്ക് അടുത്ത സീസണിൽ കാര്യങ്ങൾ എളുപ്പമാവില്ല.റൂഡിഗർ വന്നതോടുകൂടി അദ്ദേഹത്തോട് സ്ഥാനത്തിന് വേണ്ടി മിലിറ്റാവോ മത്സരിക്കേണ്ടി വരും.

കഴിഞ്ഞ സീസണിൽ നിർണായക പ്രകടനങ്ങളുമായി ആരാധകരുടെ മനം കവർന്നത താരമാണ് റോഡ്രിഗോ ഗോസ്.മാഞ്ചസ്റ്റർ സിറ്റിക്കെതിരെയുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ റയലിനെ രക്ഷിച്ചെടുത്തത് റോഡ്രിഗോയായിരുന്നു.വരും സീസണുകളിൽ താരത്തിന് കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഏതായാലും ഈ ബ്രസീലിയൻ ത്രിമൂർത്തികളുടെ കരാർ പുതുക്കുന്നത് റയലിനെ സംബന്ധിച്ചിടത്തോളം ഗുണകരമായ ഒരു കാര്യം തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *