ബ്രൈത്വെയിറ്റ് തിളങ്ങി, ഉജ്ജ്വലജയത്തോടെ ബാഴ്‌സ തുടങ്ങി!
മെസ്സി ക്ലബ് വിട്ടതിന് ശേഷം ആദ്യമായി ലാലിഗ മത്സരത്തിനിറങ്ങിയ ബാഴ്‌സക്ക് തകർപ്പൻ വിജയം. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ബാഴ്‌സ റയൽ സോസിഡാഡിനെ തകർത്തു വിട്ടത്. ഇരട്ട ഗോളുകളും ഒരു അസിസ്റ്റുമായി തിളങ്ങിയ മാർട്ടിൻ ബ്രൈത്വെയിറ്റാണ് ബാഴ്‌സക്ക് ഉജ്ജ്വലവിജയം സമ്മാനിച്ചത്.ബാഴ്‌സയുടെ ശേഷിച്ച ഗോളുകൾ പിക്വേ, സെർജി റോബെർട്ടോ എന്നിവർ നേടി.ലൊബെറ്റ, ഒയർസബാൽ എന്നിവരാണ് സോസിഡാഡിന്റെ ഗോളുകൾ കണ്ടെത്തിയത്.ജയത്തോടെ മൂന്ന് പോയിന്റുകൾ കരസ്ഥമാക്കിയ ബാഴ്‌സക്ക് ഏറെ ആത്മവിശ്വാസം നൽകുന്നതാണ് ഈ മിന്നുന്ന വിജയം.
𝙁𝙐𝙇𝙇 𝙏𝙄𝙈𝙀 !! pic.twitter.com/XS4vHbzgBI
— FC Barcelona (@FCBarcelona) August 15, 2021
ഗ്രീസ്‌മാൻ-മെംഫിസ്-ബ്രൈത്വെയിറ്റ് എന്നിവരെയാണ് കൂമാൻ മുന്നേറ്റത്തിൽ അണിനിരത്തിയത്.മത്സരത്തിന്റെ 19-ആം മിനിറ്റിലാണ് ബാഴ്‌സ അക്കൗണ്ട് തുറക്കുന്നത്. മെംഫിസിന്റെ ഫ്രീകിക്കിൽ നിന്ന് ഒരു ഹെഡറിലൂടെയാണ് പിക്വേയാണ് ഗോൾ കണ്ടെത്തിയത്.പിന്നാലെ ആദ്യപകുതിയുടെ അധികസമയത്ത് ബ്രൈത്വെയിറ്റ് ബാഴ്‌സയുടെ ലീഡുയർത്തി.ഡി യോങ്ങിന്റെ ക്രോസ് ഒരു ഹെഡറിലൂടെയാണ് ബ്രൈത്വെയിറ്റ് വലയിൽ എത്തിച്ചത്.59-ആം മിനിറ്റിൽ ബ്രൈത്വെയിറ്റ് വീണ്ടും വല ചലിപ്പിച്ചു. റീബൗണ്ട് ആയി ലഭിച്ച പന്ത് ഒരു കരുത്തുറ്റ ഷോട്ടിലൂടെ വലയിൽ എത്തിക്കുകയായിരുന്നു. എന്നാൽ പിന്നീട് റയൽ സോസിഡാഡ് തിരിച്ചടിച്ചു.82-ആം മിനുട്ടിൽ ആൻഡറിന്റെ അസിസ്റ്റിൽ നിന്ന് ലൊബെറ്റ ഗോൾ നേടി.85-ആം മിനുട്ടിൽ ഒയർസബാൽ ഒരു തകർപ്പൻ ഫ്രീകിക്ക് ഗോൾ നേടിയതോടെ മത്സരം 3-2 ആയി. എന്നാൽ മത്സരത്തിന്റെ 91-ആം മിനുട്ടിൽ ബാഴ്‌സ നടത്തിയ കൗണ്ടർ അറ്റാക്കിനൊടുവിൽ ബ്രൈത്വെയിറ്റിന്റെ അസിസ്റ്റിൽ നിന്ന് സെർജി റോബെർട്ടോ വല കുലുക്കുകയായിരുന്നു.