ബ്രസീലിയൻ സൂപ്പർ സ്ട്രൈക്കറെ ജനുവരിയിൽ ടീമിലെത്തിക്കാൻ സാവിയുടെ നീക്കം!
ഈയിടെ എഫ്സി ബാഴ്സലോണയുടെ പുതിയ പരിശീലകനായി ചുമതലയേറ്റ സാവിക്ക് കാര്യങ്ങൾ അത്ര നല്ല എളുപ്പമല്ല. യുവേഫ ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താവുന്നതിന്റെ വക്കിലാണ് നിലവിൽ ബാഴ്‌സയുള്ളത്. കഴിഞ്ഞ മത്സരത്തിൽ ബെൻഫിക്കയോട് സമനില വഴങ്ങിയത് ബാഴ്‌സക്ക് തിരിച്ചടിയാവുകയായിരുന്നു. ആ മത്സരത്തിൽ മികച്ച പ്രകടനമാണ് ബാഴ്‌സ നടത്തിയതെങ്കിലും ഗോളടിക്കാൻ ആളില്ലാതെ പോയത് തിരിച്ചടിയാവുകയായിരുന്നു.
അത്കൊണ്ട് തന്നെ ഈ വരുന്ന ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ഒരു സ്ട്രൈക്കറെയാണ് സാവി നോട്ടമിടുന്നത്. ഇപ്പോഴിതാ ബ്രസീലിയൻ സൂപ്പർ സ്ട്രൈക്കറായ ആർതർ കബ്രാളിലാണ് സാവിക്ക് താല്പര്യം എന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്. പ്രമുഖ മാധ്യമങ്ങളായ മാർക്ക, ഗോൾ എന്നിവരൊക്കെ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Barcelona are considering a move for Basel striker Arthur Cabral 🔵🔴
— GOAL (@goal) November 25, 2021
The Brazilian has 23 goals from 24 matches in all competitions this season 👀 pic.twitter.com/vAekQizCgM
നിലവിൽ സ്വിസ് ക്ലബായ ബേസലിന് വേണ്ടിയാണ് കബ്രാൾ കളിച്ചു കൊണ്ടിരിക്കുന്നത്. മിന്നുന്ന ഫോമിലാണ് താരം നിലവിലുള്ളത്.ഈ സീസണിൽ താരം കളിച്ച 25 മത്സരങ്ങളിൽ നിന്ന് 24 ഗോളുകൾ കബ്രാൾ നേടിക്കഴിഞ്ഞു. താരത്തിന്റെ ഈ ഗോളടി മികവ് തന്നെയാണ് ബാഴ്സയെ ആകർഷിക്കുന്നതും.
പക്ഷേ സാമ്പത്തിക പ്രശ്നങ്ങൾ ബാഴ്‌സക്കൊരു തലവേദനയാണ്. അത്കൊണ്ട് തന്നെ താരത്തെ ലോണിൽ എത്തിക്കാനുള്ള ശ്രമമായിരിക്കും ഈ ജനുവരിയിൽ ഉണ്ടാവുക. പിന്നീട് താരത്തെ സ്ഥിരപ്പെടുത്താനാണ് ബാഴ്‌സ ഉദ്ദേശിക്കുന്നത്.